രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 5,274 ആയി; മഹാരാഷ്ട്രയില്‍ അതിവേഗം വൈറസ് പടരുന്നു
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയില്‍ ഇതുവരെ 1,135 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ മാത്രം 117 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 8 പേര്‍ മരിച്ചു.
മുംബൈ: ഇന്ത്യയിലെ കൊവിഡ് രോഗികളുടെ എണ്ണം 5,274 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 853 പേര്‍ക്ക് വൈരസ് സ്ഥിരീകരിച്ചു. ഇതുവരെ 149 പേര്‍ കൊവിഡ് ബാധിച്ച് ഇന്ത്യയില്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. 411 പേര്‍ ഇതുവരെ രോഗമുക്തി നേടി. 4,714 പേരാണ് ചികില്‍സയിലുള്ളത്. കൊവിഡ് സ്ഥിരീകരിച്ചവരില്‍ 71 പേര്‍ വിദേശപൗരന്‍മാരാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയില്‍ ഇതുവരെ 1,135 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ മാത്രം 117 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 8 പേര്‍ മരിച്ചു.
സംസ്ഥാനത്തെ ആകെ മരണം 64 ആണ്. ധാരാവിയിലെ മരണം ഉള്‍പ്പെടെ ഇതില്‍ അഞ്ചും മുംബൈയിലാണ്. രാജ്യത്ത് ആദ്യമായി സാമൂഹികവ്യാപനം സ്ഥിരീകരിച്ച മുംബെയില്‍ കൊവിഡ് രോഗികളുടെ എണ്ണം 700 കടന്നു. മുംബൈയ്ക്ക് പിന്നാലെ പൂനെയിലും മാസ്‌ക് ധരിക്കാത്തത് കുറ്റകരമാക്കിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതര്‍ 700 കടന്നു. ചെന്നൈയാണ് മറ്റൊരു ഹോട്ട്‌സ്‌പോട്ട്. 156 പേരാണ് നഗരത്തില്‍ മാത്രം കൊവിഡ് ബാധിതര്‍. ഇതോടെ നഗരത്തിലെ 67 സ്ഥലങ്ങള്‍ രോഗബാധിത മേഖലയായി പ്രഖ്യാപിച്ചു. ചെന്നൈയില്‍ കൊവിഡ് സ്ഥിരീകരിച്ച മൂന്ന് ഡോക്ടര്‍മാരുടെ സഹപ്രവര്‍ത്തകരെ നിരീക്ഷണത്തിലാക്കി.
ചെന്നൈയില്‍ മരിച്ച മൂന്നുപേര്‍ക്ക് എങ്ങനെ കൊവിഡ് പകര്‍ന്നുവെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. കര്‍ണാടകത്തില്‍ കൊവിഡ് മരണം അഞ്ചായി. ഇന്നലെ ആറ് പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. തെലങ്കാനയില്‍ 49 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഹൈദരാബാദില്‍ മാത്രം കൊവിഡ് രോഗികളുടെ എണ്ണം 200 കടന്നു. ഇതുവരെ 1,21,271 വൈറസ് പരിശോധനകള്‍ നടത്തിയതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) അറിയിച്ചു.