രാജ്യത്ത് 24 മണിക്കൂറിനിടെ 44,643 കൊവിഡ് രോഗികള്‍; ടെസ്റ്റ് പോസിറ്റിവിറ്റി 2.72 ശതമാനം
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 44,643 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.72 ശതമാനമാണ്. കഴിഞ്ഞ 11 ദിവസങ്ങളായി മൂന്ന് ശതമാനത്തില്‍ താഴെയാണിത്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 5 ശതമാനത്തില്‍ താഴെയായി തുടരുകയാണ്. നിലവില്‍ ഇത് 2.41 ശതമാനമാണ്. തുടര്‍ച്ചയായ 40ാം ദിവസവും 50,000ത്തില്‍ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് തുടര്‍ച്ചയായ 60ാം ദിവസവും 5 ശതമാനത്തില്‍ താഴെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,096 പേര്‍ സുഖം പ്രാപിച്ചു.
രാജ്യത്താകമാനം ഇതുവരെ 3,10,15,844 പേര്‍ രോഗമുക്തരായി. രോഗമുക്തി നിരക്ക് 97.36 ശതമാനമാണ്. രാജ്യത്ത് നിലവില്‍ ചികില്‍സയിലുള്ളത് 4,14,159 പേരാണ്. ആകെ രോഗബാധിതരുടെ 1.30 ശതമാനമാണ് ചികില്‍സയിലുള്ളത്. പരിശോധനാശേഷി ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്. ആകെ നടത്തിയത് 47.65 കോടി (47,65,33,650) പരിശോധനകളാണ്. രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 49.53 കോടി ഡോസ് വാക്‌സിനാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 57,97,808 ഡോസ് വാക്‌സിന്‍ നല്‍കി. വ്യാഴാഴ്ച ഇന്ത്യയില്‍ 42,982 പുതിയ കൊവിഡ് 19 കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. ഇത് ബുധനാഴ്ചത്തെ കേസുകളുടെ എണ്ണത്തില്‍നിന്ന് നേരിയ വര്‍ധനവാണ് രേഖപ്പെടുത്തിയത്. വ്യാഴാഴ്ച രാജ്യത്ത് 533 മരണങ്ങളും റിപോര്‍ട്ട് ചെയ്തു.