രാജ്യത്ത് 24 മണിക്കൂറിനിടെ 28,204 പേര്‍ക്ക് കൊവിഡ്; അഞ്ച് മാസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്ക്

Update: 2021-08-10 08:55 GMT

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,204 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. 147 ദിവസത്തിനിടെ രാജ്യത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണ് ഇന്ന് രേഖപ്പെടുത്തിയതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ചത്തേതിലും 20 ശതമാനം കുറവ് കൊവിഡ് കേസുകളാണ് ഇന്ന് റിപോര്‍ട്ട് ചെയ്തത്. 373 പേരുടെ മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 4,28,682 ആയി. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.87 ശതമാനമാണ്.

കഴിഞ്ഞ 15 ദിവസങ്ങളായി മൂന്ന് ശതമാനത്തില്‍ താഴെയാണിത്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 5 ശതമാനത്തില്‍ താഴെയായി തുടരുന്നു. നിലവില്‍ ഇത് 2.36 ശതമാനമാണ്. പരിശോധനാശേഷി ഗണ്യമായി വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ആകെ നടത്തിയത് 48.32 കോടി പരിശോധനകളാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,511 പേര്‍ രോഗമുക്തരായി. രാജ്യത്താകമാനം ഇതുവരെ 3,11,80,968 പേര്‍ക്ക് രോഗമുക്തി ലഭിച്ചു.

രാജ്യത്തെ രോഗമുക്തി നിരക്ക് 97.45 ശതമാനമായി ഉയര്‍ന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ ഉള്ളതില്‍ ഏറ്റവും കൂടിയ നിരക്കാണിത്. രാജ്യത്ത് നിലവില്‍ കൊവിഡ് ബാധിച്ച് ചികില്‍സയിലുള്ളവര്‍ 3,88,508 പേരാണ്. കഴിഞ്ഞ 139 ദിവസത്തില്‍ ഏറ്റവും കുറവ് കണക്ക്. ചികില്‍സയിലുള്ളത് ആകെ രോഗബാധിതരുടെ 1.21 ശതമാനമാണ്. മാര്‍ച്ച് 2020ന് ശേഷം ഏറ്റവും കുറവ്. രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 51.45 കോടി ഡോസ് വാക്‌സിനാണ്.

Tags:    

Similar News