രാജ്യത്ത് 37,875 പേര്‍ക്ക് കൂടി കൊവിഡ്; രോഗമുക്തി നിരക്ക് 97.48 ശതമാനം

Update: 2021-09-08 07:32 GMT

ന്യൂഡല്‍ഹി: രാജ്യത്ത് 37,875 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച 31,222 പേര്‍ക്കായിരുന്നു രോഗം ബാധിച്ചത്. 24 മണിക്കൂറിനിടെ 369 മരണങ്ങളും രാജ്യത്ത് റിപോര്‍ട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടെ മരണസംഖ്യ 4.41 ലക്ഷം പിന്നിട്ടു. 39,114 പേര്‍ക്ക് രോഗമുക്തിയുണ്ടായി. 3.91 ലക്ഷം പേരാണ് രാജ്യത്ത് നിലവില്‍ ചികില്‍സയിലുള്ളത്. ആകെ രോഗബാധിതരുടെ 1.18 ശതമാനമാണ് ചികില്‍സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 39,114 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,22,64,051 ആയി.

രോഗമുക്തി നിരക്ക് 97.48 ശതമാനമാണ്. പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (2.49%). കഴിഞ്ഞ 75 ദിവസമായി മൂന്ന് ശതമാനത്തില്‍ താഴെ. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.16 ശതമാനവുമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് കഴിഞ്ഞ 9 ദിവസമായി 3 ശതമാനത്തില്‍ താഴെയും കഴിഞ്ഞ 93 ദിവസമായി 5 ശതമാനത്തില്‍ താഴെയുമാണ്. ആകെ നടത്തിയത് 53.49 കോടി പരിശോധനകളാണ്. നിലവില്‍ രാജ്യത്ത് ഏറ്റവും അധികം കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്യുന്ന സംസ്ഥാനം കേരളമാണ്.

25,772 പേര്‍ക്കാണ് ചൊവ്വാഴ്ച കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയാണ് പട്ടികയില്‍ രണ്ടാമത്. 24 മണിക്കൂറിനെ രാജ്യത്ത് 78.47 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കി. ഇതോടെ ഒരു ഡോസ് വാക്‌സിന്‍ എങ്കിലും സ്വീകരിച്ചവരുടെ എണ്ണം 70.75 കോടിയായി. രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 17, 53, 745 പരിശോധനകള്‍ നടത്തി. ആകെ 53.49 കോടിയിലേറെ (53,49,43,093) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.

Tags:    

Similar News