രാജ്യത്ത് ആറുലക്ഷം കൊവിഡ് ബാധിതര്‍; 24 മണിക്കൂറിനിടെ 507 മരണം, പരിശോധന കൂട്ടാന്‍ നിര്‍ദേശം
മഹാരാഷ്ട്ര, ന്യൂഡല്‍ഹി, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് കാണിക്കുന്നത്. മഹാരാഷ്ട്രയില്‍ 5,537 ഉം തമിഴ്‌നാട്ടില്‍ 3,882 ഉം ഡല്‍ഹിയില്‍ 2,442 ഉം പുതിയ കൊവിഡ് കേസുകള്‍ 24 മണിക്കൂറിനിടെ റിപോര്‍ട്ട് ചെയ്തു.
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ആറുലക്ഷം കടന്നു. ഇതുവരെ 6,00,032 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ നാലുലക്ഷവും ജൂണ്‍ മാസത്തില്‍ കൊവിഡ് ബാധിതരായവരാണ്. വൈറസ് വ്യാപനം അതിവേഗം കുതിച്ചുയരുന്നതിന്റെ ഞെട്ടിക്കുന്ന കണക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 507 പുതിയ മരണങ്ങളാണ് രാജ്യത്തുണ്ടായത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് റെക്കോര്‍ഡ് കണക്കാണിത്. ഒരുദിവസത്തിനിടെ 18,522 പുതിയ കേസുകളും രാജ്യത്തുണ്ടായി. ആകെ 17,400 പേരാണ് ഇതുവരെ മരണപ്പെട്ടത്. 2,20,114 പേരാണ് ചികില്‍സയില്‍ കഴിയുന്നത്. ആകെ 3,47,978 പേരുടെ രോഗം ഭേദമായി.
മഹാരാഷ്ട്ര, ന്യൂഡല്‍ഹി, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് കാണിക്കുന്നത്. മഹാരാഷ്ട്രയില്‍ 5,537 ഉം തമിഴ്‌നാട്ടില്‍ 3,882 ഉം ഡല്‍ഹിയില്‍ 2,442 ഉം പുതിയ കൊവിഡ് കേസുകള്‍ 24 മണിക്കൂറിനിടെ റിപോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലാണ് കൊവിഡ് വ്യാപനം അതിവേഗം നടക്കുന്നത്. 1,74,761 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ വൈറസ് സ്ഥിരീകരിച്ചത്. 75,995 പേര്‍ ചികില്‍സയില്‍ കഴിയുമ്പോള്‍ 90,991 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. 7,855 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. തൊട്ടുപിന്നിലുള്ള തമിഴ്‌നാട്ടില്‍ കൊവിഡ് രോഗികളുടെ എണ്ണം 90,167 ആയി ഉയര്‍ന്നു. ഇവിടെ 1,201 പേര്‍ മരണപ്പെട്ടപ്പോള്‍ 50,074 പേരുടെ രോഗം ഭേദമായി.
38,892 പേര്‍ ഇപ്പോഴും ചികില്‍സയിലാണ്. ഡല്‍ഹിയില്‍ ആകെയുള്ള 87,360 കൊവിഡ് രോഗികളില്‍ 26,270 പേര്‍ ചികില്‍സയിലാണ്. മരണസംഖ്യ 2,803 ആയി ഉയര്‍ന്നു. ജൂണ്‍ 23ന് രാജ്യതലസ്ഥാനത്ത് 3,947 കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 61 മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തതായി ഡല്‍ഹി ആരോഗ്യവകുപ്പ് അറിയിച്ചു. കര്‍ണാടകത്തില്‍ പ്രതിദിന കണക്കിലെ ഏറ്റവും വലിയ വര്‍ധനയാണ് 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്. 1272 പേര്‍ക്ക് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുന്നതിനിടെ പരിശോധനകള്‍ അടിയന്തരമായി വര്‍ധിപ്പിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയവും ഐസിഎംആറും നിര്‍ദേശം നല്‍കി.
പരിശോധനയ്ക്ക് കുറിപ്പടി നല്‍കാന്‍ സ്വകാര്യഡോക്ടര്‍മാരെയും അനുവദിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ക്കൊപ്പം ദ്രുത ആന്റിജെന്‍ പരിശോധനകളും ഉപയോഗപ്പെടുത്തണമെന്നാണ് നിര്‍ദേശം. കൊവിഡിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ട് ഇന്ന് നൂറുദിവസം പൂര്‍ത്തിയാവുകയാണ്. മാര്‍ച്ച് 25നാണ് രാജ്യത്ത് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയത്. ദുരന്തനിവാരണനിയമത്തിന്റെ അടിസ്ഥാനത്തിലുള്ള മാര്‍ഗനിര്‍ദേശം രാജ്യത്ത് തുടരുകയാണ്.