കൊവിഡ് പ്രതിരോധം: കേന്ദ്രസര്‍ക്കാര്‍ 6 അന്തര്‍ മന്ത്രിതല സംഘങ്ങള്‍ക്ക് രൂപം നല്‍കി
ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച ഉത്തരവുകളിലും, മാര്‍ഗനിര്‍ദേശങ്ങളിലും, ലോക്ക് ഡൗണ്‍ അടക്കമുള്ള നടപടികള്‍ കര്‍ശനമായി നടപ്പാക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആറ് അന്തര്‍ മന്ത്രിതല സംഘങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കി. പശ്ചിമബംഗാള്‍, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ക്ക് രണ്ടുവീതവും, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ക്ക് ഓരോ സംഘത്തിന്റെയും സേവനം ലഭിക്കും.
ഇവിടങ്ങളിലെ പ്രശ്‌നങ്ങള്‍ വിശകലനം ചെയ്യുക, പരിഹാരനടപടികള്‍ക്കായി സംസ്ഥാനഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കുക, പൊതുജന താല്‍പര്യം മുന്‍നിര്‍ത്തി, ബന്ധപ്പെട്ട റിപോര്‍ട്ടുകള്‍ കേന്ദ്രത്തിനു സമര്‍പ്പിക്കുക എന്നതാണ് സംഘങ്ങളുടെ പ്രവര്‍ത്തനോദ്ദേശം. മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി ലോക്ക് ഡൗണ്‍ നടപ്പാക്കുന്നതിലെ പരാതികള്‍, അവശ്യസാധനങ്ങളുടെ വിതരണം, സാമൂഹിക അകലം, ആരോഗ്യപാലന സംവിധാനങ്ങള്‍, ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ, പരിശോധനാ കിറ്റുകള്‍, വ്യക്തിസുരക്ഷാസംവിധാനങ്ങള്‍ (പിപിഇ), മുഖാവരണങ്ങള്‍, മറ്റു സുരക്ഷാ ഉപകരണങ്ങള്‍ എന്നിവയുടെ ലഭ്യത, പാവപ്പെട്ടവര്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കുമായുള്ള ദുരിതാശ്വാസ ക്യാംപുകളിലെ സാഹചര്യങ്ങള്‍ എന്നിവയിലായിരിക്കും സംഘങ്ങള്‍ ശ്രദ്ധകേന്ദ്രീകരിക്കുക.
2005 ലെ ദുരന്തനിവാരണനിയമത്തിലെ 35(1), 35(2)(a), 35(2)(e) , 35(2)(i) വകുപ്പുകള്‍ പ്രകാരമാണ് കേന്ദ്രം ഈ സമിതികള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്. ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച ഉത്തരവുകളിലും, മാര്‍ഗനിര്‍ദേശങ്ങളിലും, ലോക്ക് ഡൗണ്‍ അടക്കമുള്ള നടപടികള്‍ കര്‍ശനമായി നടപ്പാക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍, കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നതില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ സംസ്ഥാന- കേന്ദ്രഭരണപ്രദേശ ഭരണകൂടങ്ങള്‍ക്ക് ഏര്‍പ്പെടുത്താവുന്നതാണ്. എന്നാല്‍, ദുരന്തനിവാരണനിയമത്തിനു കീഴില്‍ പുറപ്പെടുവിച്ചിട്ടുള്ള കേന്ദ്രനിയന്ത്രണങ്ങളില്‍ ഇളവുവരുത്താന്‍ പാടുള്ളതല്ല.
ലോക്ക് ഡൗണുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ സംബന്ധിച്ച് സുപ്രിംകോടതിയും നിരീക്ഷണം നടത്തിയിട്ടുണ്ട്. തങ്ങള്‍ക്ക് മുമ്പാകെ സമര്‍പ്പിക്കപ്പെട്ട റിട്ട് ഹരജി പരിഗണിക്കവെയാണ് സംസ്ഥാന ഭരണകൂടങ്ങളും അധികൃതരും പൗരന്‍മാരും പൊതുസുരക്ഷ കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അതേപടി അനുസരിക്കുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നതായി സുപ്രിംകോടതി അഭിപ്രായപ്പെട്ടത്. രാജ്യത്തെ എല്ലാ സംസ്ഥാന- കേന്ദ്രഭരണപ്രദേശ സര്‍ക്കാരുകളെയും ഇക്കാര്യം അറിയിച്ചിട്ടുമുണ്ട്. അന്തര്‍ മന്ത്രിതല സംഘങ്ങളുടെ സന്ദര്‍ശനം എത്രയംവേഗം തന്നെ ആരഭിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.