വാക്‌സിനുകള്‍ സംയോജിപ്പിക്കാം: കൊവിഷീല്‍ഡ്- കൊവാക്‌സിന്‍ മിശ്രിതം കൂടുതല്‍ ഫലപ്രദമെന്ന് ഐസിഎംആര്‍

Update: 2021-08-08 19:30 GMT

ന്യൂഡല്‍ഹി: വിവിധ കൊവിഡ് പ്രതിരോധ വാക്‌സിനുകള്‍ തമ്മില്‍ കൂട്ടിക്കലര്‍ത്തി വിതരണം ചെയ്യുന്നത് കൂടുതല്‍ ഫലപ്രാപ്തി നല്‍കുമെന്ന കണ്ടെത്തലുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). കൊവിഷീല്‍ഡും കൊവാക്‌സിനും തമ്മില്‍ സുരക്ഷിതമായി കൂട്ടിക്കലര്‍ത്താമെന്നും ഇത്തരത്തില്‍ വാക്‌സിന്‍ നല്‍കിയാല്‍ കൂടുതല്‍ മികച്ച ഫലം ലഭിക്കുമെന്നും ഒരു പഠനത്തില്‍ കണ്ടെത്തിയെന്ന് ഐസിഎംആര്‍ വ്യക്തമാക്കുന്നു. അതേസമയം, കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് ശേഷമേ ഇത് നടപ്പാക്കാനാകൂ എന്നും സര്‍ക്കാര്‍ ഔദ്യോഗിക നിര്‍ദേശം നല്‍കുന്നതുവരെ രണ്ട് വാക്‌സിന്റെ ഡോസുകള്‍ ഇടകലര്‍ത്തി സ്വീകരിക്കരുതെന്നും ഐസിഎംആര്‍ പറയുന്നു.

വാക്‌സിനുകളുടെ മിശ്രിത പരീക്ഷണത്തിന് കഴിഞ്ഞമാസം ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയിരുന്നു. ഉത്തര്‍പ്രദേശില്‍ അബദ്ധത്തില്‍ രണ്ട് വാക്‌സിന്‍ മാറി കുത്തിവച്ച 18 പേരില്‍ നടത്തിയ പഠനത്തിലാണ് സുപ്രധാന കണ്ടെത്തല്‍. ആദ്യഡോസ് കൊവിഷീല്‍ഡും രണ്ടാംഡോസ് കൊവാക്‌സിനും സ്വീകരിച്ചവരിലാണ് പഠനം നടന്നത്. ഇതിലൂടെ ഒറ്റവാക്‌സിന്‍ നല്‍കുന്നതിനേക്കാള്‍ പ്രതിരോധശേഷി കൈവരിക്കാനാവുമെന്ന് ഐസിഎംആര്‍ പറയുന്നു. വിവിധ പ്രായത്തിലുള്ള 40 പേരിലാണ് പഠനം നടന്നത്. ഇതില്‍ രണ്ട് വാക്‌സിന്‍ മാറി കുത്തിവച്ച 18 പേര്‍ക്ക് മറ്റുള്ളവരേക്കാള്‍ പ്രതിരോധശേഷി കൈവരിക്കാനായി. 2021 മെയ് മുതല്‍ ജൂണ്‍ വരെയായിരുന്നു പഠനം. ഇവരുടെ ശരീരത്തിലുണ്ടായ പാര്‍ശ്വഫലങ്ങളും രോഗപ്രതിരോധശേഷിയും താരതമ്യം ചെയ്ത് നോക്കുകയും ചെയ്തു.

ആല്‍ഫ, ബീറ്റ, ഡെല്‍റ്റ വകഭേദങ്ങള്‍ക്കെതിരേ രണ്ട് വ്യത്യസ്ത വാക്‌സിന്റെ ഡോസുകള്‍ ലഭിച്ചവര്‍ക്ക് പ്രതിരോധശക്തി കൂടുതലാണെന്നും കണ്ടെത്തി. ഇത് കൊവിഡ് പ്രതിരോധം കുറേക്കൂടി ശക്തമാക്കാനും വാക്‌സിന്‍ ക്ഷാമം പരിഹരിക്കാനും സഹായിക്കും. ശരീരത്തില്‍ കൂടുതല്‍ ആന്റിബോഡികളും രൂപപ്പെട്ടെന്നാണ് പഠനത്തില്‍ പറയുന്നത്. ഒരേ ഡോസ് വാക്‌സിന്‍ നല്‍കുന്നതിന് സമാനമായ പാര്‍ശ്വഫലങ്ങള്‍ തന്നെയാണ് വാക്‌സിന്‍ കൂട്ടിക്കലര്‍ത്തിയപ്പോഴും കണ്ടതെന്നും ഇത് സുരക്ഷിതമാണെന്നും ഐസിഎംആര്‍ വ്യക്തമാക്കുന്നു.

ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച അഡിനോവൈറസ് വെക്ടര്‍ വാക്‌സിനാണ് കൊവിഷീല്‍ഡ്. കൊവാക്‌സിനിലുള്ളത് നിര്‍ജീവ കൊറോണ വൈറസാണ്. മെഡ്ര്‍ക്‌സിവ് എന്ന മെഡിക്കല്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തിട്ടുള്ള ഈ പഠനഫലം ഇതുവരെ പിയര്‍ റിവ്യൂ ചെയ്തിട്ടില്ല. അഡിനോവൈറസ് വെക്ടര്‍ വാക്‌സിനും ഇനാക്ടിവേറ്റഡ് വൈറസ് വാക്‌സിനും തമ്മില്‍ കൂട്ടിക്കലര്‍ത്തിയുള്ള പരീക്ഷണം ഇതാദ്യമായാണെന്നാണ് ഗവേഷകര്‍ പറയുന്നത്. രാജ്യത്ത് ആദ്യമായി വിതരണത്തിന് അനുമതി നല്‍കിയിരുന്നത് കൊവിഷീല്‍ഡിനും കൊവാക്‌സിനുമാണ്. രണ്ട് ഡോസുകളും ഒരേ തരം വാക്‌സിന്‍ തന്നെ നല്‍കുന്നതാണ് നിലവിലെ രീതി. എന്നാല്‍, ഉത്തര്‍പ്രദേശില സിദ്ധാര്‍ഥ് നഗറില്‍ 18 പേര്‍ക്ക് ആദ്യഡോസായി കൊവിഷീല്‍ഡും രണ്ടാം ഡോസായി കൊവാക്‌സിനും നല്‍കുകയായിരുന്നു.

Tags:    

Similar News