'ഗോള്‍വാള്‍ക്കര്‍ മഹാനായ ചിന്തകനും പണ്ഡിതനും'; കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ ട്വീറ്റിനെതിരേ വ്യാപകവിമര്‍ശനം

വംശവെറി നിറഞ്ഞ ആശയങ്ങള്‍ പുസ്തകങ്ങളിലൂടെ പ്രചരിപ്പിച്ച ഒരാളെ സാംസ്‌കാരിക വകുപ്പ് അനുസ്മരിച്ചതിനെതിരേ സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. പ്രതിപക്ഷ നേതാക്കളായ ശശി തരൂര്‍, ഗൗരവ് ഗോഗോയ് എന്നിവര്‍ ശക്തമായ ഭാഷയിലാണ് ഇതിനോട് പ്രതികരിച്ചത്. മുന്‍ സാംസ്‌കാരിക വകുപ്പ് സെക്രട്ടറി എന്ന നിലയില്‍ നാണക്കേടുകൊണ്ട് തലകുനിയുന്നുവെന്ന് ജവാഹര്‍ സിര്‍കാര്‍ പ്രതികരിച്ചു.

Update: 2021-02-20 16:48 GMT

ന്യൂഡല്‍ഹി: ആര്‍എസ്എസ് മേധാവിയായിരുന്ന അന്തരിച്ച എം എസ് ഗോള്‍വാള്‍ക്കറെ പ്രശംസിച്ചുകൊണ്ടുള്ള കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ ട്വീറ്റ് വിവാദമായി. മഹാനായ ചിന്തകനും പണ്ഡിതനും ശ്രദ്ധേയനായ നേതാവുമായിരുന്നു എം എസ് ഗോള്‍വാള്‍ക്കറെന്നായിരുന്നു അദ്ദേഹത്തിന്റെ ജന്‍മദിനത്തെ അനുസ്മരിക്കുന്ന സാംസ്‌കാരിക വകുപ്പിന്റെ ട്വീറ്റില്‍ കുറിച്ചിരുന്നത്. അദ്ദേഹത്തിന്റെ ചിന്തകള്‍ എന്നും പ്രചോദിപ്പിക്കും. ഭാവി തലമുറകളെ മുന്നോട്ടുനയിക്കും- ട്വീറ്റില്‍ പറയുന്നു. കേന്ദ്ര സാംസ്‌കാരിക മന്ത്രി പ്രഹ്ലാദ് പട്ടേല്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ ഓഫിസ്, പിഐബി തുടങ്ങിയ അക്കൗണ്ടുകളെ ട്വീറ്റ് ടാഗ് ചെയ്തിട്ടുമുണ്ട്.

വംശവെറി നിറഞ്ഞ ആശയങ്ങള്‍ പുസ്തകങ്ങളിലൂടെ പ്രചരിപ്പിച്ച ഒരാളെ സാംസ്‌കാരിക വകുപ്പ് അനുസ്മരിച്ചതിനെതിരേ സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. പ്രതിപക്ഷ നേതാക്കളായ ശശി തരൂര്‍, ഗൗരവ് ഗോഗോയ് എന്നിവര്‍ ശക്തമായ ഭാഷയിലാണ് ഇതിനോട് പ്രതികരിച്ചത്. മുന്‍ സാംസ്‌കാരിക വകുപ്പ് സെക്രട്ടറി എന്ന നിലയില്‍ നാണക്കേടുകൊണ്ട് തലകുനിയുന്നുവെന്ന് ജവാഹര്‍ സിര്‍കാര്‍ പ്രതികരിച്ചു. ആര്‍എസ്എസ് നേതാവിനെ അര്‍ഹിക്കാത്ത പ്രശംസ കൊണ്ട് മൂടിയിരിക്കുകയാണ് സാംസ്‌കാരിക വകുപ്പ്. ഗോള്‍വാള്‍ക്കറും ആര്‍എസ്എസ്സും ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യസമരത്തെ എതിര്‍ക്കുകയാണ് ചെയ്തത്. രാജ്യത്തിന്റെ പതാകയിലുള്ള ത്രിവര്‍ണത്തെ ഗോള്‍വാള്‍ക്കര്‍ എതിര്‍ത്തു.

സര്‍ദാര്‍ പട്ടേല്‍ അദ്ദേഹത്തെ ജയിലില്‍ അടയ്ക്കുകയും ആര്‍എസ്എസ്സിനെ നിരോധിക്കുകയും ചെയ്ത കാര്യവും ജവാഹര്‍ സിര്‍കാര്‍ ചൂണ്ടിക്കാട്ടി. ഹോളോകോസ്റ്റിലെ ഗോള്‍വാള്‍ക്കറുടെ നിലപാട് ചൂണ്ടിക്കാട്ടി റൈറ്റ്‌സ് ആക്ടിവിസ്റ്റും സിപിഐ (എംഎല്‍) പോളിറ്റ് ബ്യൂറോ അംഗവുമായ കവിതാ കൃഷ്ണന്‍ മന്ത്രാലയത്തെതിരേ ആഞ്ഞടിച്ചു. വംശത്തിന്റെയും സംസ്‌കാരത്തിന്റെയും ശുദ്ധി നിലനിര്‍ത്താനെന്ന് പറഞ്ഞ് ജൂതന്മാരെ ഉന്‍മൂലനം ചെയ്ത ഹിറ്റ്‌ലറുടെ ജര്‍മനിയില്‍ ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള വംശാഭിമാനമാണ് വെളിവായതെന്ന് വിശ്വസിച്ച 'മഹാനായ ചിന്തക'നാണ് ഗോള്‍വാള്‍ക്കറെന്ന് അക്കാദമിസ്റ്റ് പ്രിയംവദ ഗോപാല്‍ പ്രതികരിച്ചു. അങ്ങനെയുള്ള ഒരാളുടെ ജന്‍മദിനം ആഘോഷിക്കണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ദേശാഭിമാനം അതിന്റെ പരകോടിയില്‍ എത്തിയിരിക്കുന്നുവെന്നും പ്രിയംവദ പറഞ്ഞു.

ബോളിവുഡ് താരങ്ങളായ സ്വര ഭാസ്‌കറും റിച്ച ചദ്ധയും സാംസ്‌കാരിക മന്ത്രാലയത്തിന്റെ നടപടിയെ വിമര്‍ശിച്ച് പരസ്യമായി രംഗത്തെത്തി. ഇന്ത്യ 'മള്‍ട്ടി കള്‍ച്ചറലിസത്തിന്റെ ഒരു പ്രതീകമാണ്' എന്നായിരുന്നു ആരോപണത്തോടുള്ള സാംസ്‌കാരിക മന്ത്രാലയത്തിന്റെ മാധ്യമ ഉപദേഷ്ടാവ് നിതിന്‍ ത്രിപാഠിയുടെ പ്രതികരണം. ഇത് ഈ സ്‌പെക്ട്രത്തിലെ എല്ലാ വിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്നു. 'പരമ്പരാഗതമല്ലാത്ത പ്രത്യയശാസ്ത്രങ്ങളെയും ശബ്ദങ്ങളെയും നിശബ്ദമാക്കുന്നതില്‍' വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഇന്ത്യയിലെ ജനാധിപത്യത്തിന്റെ ഒരു പ്രധാന ഘടകം എല്ലാ ആചാരങ്ങളെയും പാരമ്പര്യങ്ങളെയും മൂല്യങ്ങളെയും മാനിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുസ്‌ലിംകളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകളുമാണ് ആഭ്യന്തരഭീഷണിയെന്ന് ഗോള്‍വാള്‍ക്കര്‍ 1966ല്‍ എഴുതിയ ബഞ്ച് ഓഫ് തോട്‌സ് എന്ന പുസ്തകത്തില്‍ അഭിപ്രായപ്പെട്ടു. ജാതീയതയുടെ വക്താവായിരുന്നു ഗോള്‍വാള്‍ക്കര്‍. ജാതീയത രാജ്യത്തിന്റെ പുരോഗതിയെ തടസ്സപ്പെടുത്തുകയോ സാമൂഹിക ഐക്യം തകര്‍ക്കുകയോ ചെയ്യുന്നില്ലെന്നായിരുന്നു ഗോള്‍വാള്‍ക്കറുടെ വാദം.

Tags:    

Similar News