മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ 65 കാരിക്ക് മോര്‍ച്ചറിയില്‍ 'പുനര്‍ജന്‍മം'
പഞ്ചാബിലെ കപുര്‍ത്തല ജില്ലയിലെ സ്വകാര്യാശുപത്രിയിലാണ് സംഭവം. ആശുപത്രിയില്‍ ചികില്‍സയ്ക്കായി പ്രവേശിപ്പിച്ച സ്ത്രീ മരിച്ചെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതോടെ മൃതദേഹം മോര്‍ച്ചറി ഫ്രീസറിലേക്ക് മാറ്റി. ഇവര്‍ ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ അഴിച്ചുമാറ്റാനായി ബന്ധുക്കളെത്തി ഫ്രീസര്‍ തുറന്നപ്പോഴാണ് സ്ത്രീയുടെ ശ്വാസം നിലച്ചിട്ടില്ലെന്ന് മനസ്സിലായത്.
ചണ്ഡീഗഡ്: ഡോക്ടര്‍മാര്‍ മരിച്ചെന്ന് വിധിയെഴുതിയ 65 കാരിക്ക് ആശുപത്രി മോര്‍ച്ചറിയില്‍ 'പുനര്‍ജന്‍മം'. പഞ്ചാബിലെ കപുര്‍ത്തല ജില്ലയിലെ സ്വകാര്യാശുപത്രിയിലാണ് സംഭവം. ആശുപത്രിയില്‍ ചികില്‍സയ്ക്കായി പ്രവേശിപ്പിച്ച സ്ത്രീ മരിച്ചെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതോടെ മൃതദേഹം മോര്‍ച്ചറി ഫ്രീസറിലേക്ക് മാറ്റി. ഇവര്‍ ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ അഴിച്ചുമാറ്റാനായി ബന്ധുക്കളെത്തി ഫ്രീസര്‍ തുറന്നപ്പോഴാണ് സ്ത്രീയുടെ ശ്വാസം നിലച്ചിട്ടില്ലെന്ന് മനസ്സിലായത്. ഉടന്‍തന്നെ ബന്ധുക്കള്‍ ഡോക്ടര്‍മാരെ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സ്ത്രീക്ക് ജീവനുണ്ടെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. മുഖത്ത് വെള്ളം തളിച്ചതോടെ സ്ത്രീ ഉണര്‍ന്നു.
വെള്ളം കുടിയ്ക്കുകയും ചെയ്തു. പിന്നീട് ഇവരെ ബന്ധുക്കള്‍ക്കൊപ്പം വീട്ടിലേക്ക് വിട്ടെങ്കിലും ആരോഗ്യനില വഷളായതോടെ വീണ്ടും കപുര്‍ത്തല സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മണിക്കൂറുകള്‍ക്കുശേഷം സ്ത്രീ ശരിയ്ക്കും മരിച്ചതായാണ് പഞ്ചാബി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. അതേസമയം, ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച സംബന്ധിച്ച് ബന്ധുക്കളില്‍നിന്ന് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പോലിസ് അറിയിച്ചു. ആശുപത്രിയിലുണ്ടായ സംഭവത്തെക്കുറിച്ച് തങ്ങള്‍ക്ക് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് ഡിസിപി ഹര്‍ജിന്ദര്‍ സിങ് ഗില്‍ പ്രതികരിച്ചു.