ചോദിച്ച പണം നല്‍കിയില്ല; മാതാവിനെ മകളും സുഹൃത്തും ചേര്‍ന്ന് കഴുത്തറുത്ത് കൊന്നു
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് മാതാവിനെ മകളും സുഹൃത്തും ചേര്‍ന്ന് കഴുത്തറുത്ത് കൊന്നു. 55 വയസ്സുകാരിയായ സുധാ റാണിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുധയുടെ മകള്‍ ദേവയാനി (24), സുഹൃത്ത് കാര്‍ത്തിക് ചൗഹാന്‍ എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു. ചോദിച്ച പണം നല്‍കാത്തതിന്റെ പേരിലാണ് ക്രൂരമായ കൊലപാതകമെന്ന് ദേവയാനി ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി പോലിസ് അറിയിച്ചു. കൊല്ലപ്പെട്ട സുധ ബിജെപി പ്രവര്‍ത്തകയാണെന്നും 2007ലെ എംസിഡി തിരഞ്ഞെടുപ്പില്‍ അംബേദ്കര്‍ നഗറില്‍നിന്ന് മല്‍സരിച്ചിരുന്നതായും പോലിസ് പറഞ്ഞു. ഇപ്പോള്‍ പ്രദേശത്ത് ഒരു കട നടത്തിവരികയായിരുന്നു.
ശനിയാഴ്ച രാത്രിയാണ് ദക്ഷിണ ഡല്‍ഹിയിലെ അംബേദ്കര്‍ നഗറിലെ വീട്ടില്‍ സുധയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന്റെ കഴുത്തിനു ചുറ്റും മുറിവുകളുണ്ടായിരുന്നു. അജ്ഞാതരായ രണ്ടുപേര്‍ വീട്ടില്‍ അതിക്രമിച്ചുകയറി തോക്ക് ചൂണ്ടി മോഷണം നടത്തിയെന്നും എതിര്‍ത്തപ്പോള്‍ മാതാവിനെ കൊല്ലുകയായിരുന്നെന്നുമാണ് ദേവയാനി പോലിസിന് ആദ്യം മൊഴി നല്‍കിയത്. കട്ടിലില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന സുധയെ കണ്ടെത്തിയെങ്കിലും വീട്ടില്‍ മോഷ്ടാക്കള്‍ കടന്നതിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്താനായില്ല. സുധയുടെ ആഭരണങ്ങളും നഷ്ടപ്പെട്ടിരുന്നില്ല.
സംശയം തോന്നിയ പോലിസ് നടത്തിയ തുടരന്വേഷണത്തില്‍ മകള്‍ പറഞ്ഞത് നുണയാണെന്ന് അന്വേഷണസംഘം കണ്ടെത്തി. തുടര്‍ന്ന് അന്വേഷണസംഘം ദേവയാനിയെ വിശദമായി ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് അവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. 'ഞങ്ങള്‍ ദേവയാനിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. അവര്‍ സംഭവസ്ഥലത്തുണ്ടെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. പക്ഷേ, അവരുടെ പ്രവര്‍ത്തനങ്ങള്‍ സംശയാസ്പദമാണെന്ന് കണ്ടെത്തി. കുറ്റകൃത്യം നടന്ന സ്ഥലം പരിശോധിച്ചു. അക്രമത്തിന്റെ ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല, കുറച്ച് ആഭരണങ്ങള്‍ ഒഴികെ മറ്റൊന്നും നഷ്ടപ്പെട്ടില്ല.
മരിച്ചയാളുടെ കഴുത്തില്‍ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു, ധാരാളം രക്തം നഷ്ടപ്പെട്ടു. പക്ഷേ തറയില്‍ രക്തമുണ്ടായിരുന്നില്ല. ദേവയ്‌നി ഞങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും മൊഴി മാറ്റുകയും ചെയ്യുകയാണെന്ന് ഞങ്ങള്‍ക്ക് തോന്നി. ഞങ്ങള്‍ അവരെ ചോദ്യം ചെയ്യാന്‍ വീണ്ടും വിളിപ്പിക്കുകയുമായിരുന്നു'- ഡിസിപി (സൗത്ത്) ബെനിറ്റ മേരി ജെയ്ക്കര്‍ പറഞ്ഞു. തന്നെ തള്ളിപ്പറയുമെന്ന് മാതാവ് ഭീഷണിപ്പെടുത്തുകയും പണം നല്‍കാന്‍ വിസമ്മതിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് ദേവയാനി പോലിസിനോട് പറഞ്ഞത്.
കൊലയ്ക്ക് സഹായം ചെയ്യാനാണ് സുഹൃത്തായ കാര്‍ത്തികിനെ ദേവയാനി വിളിച്ചുവരുത്തിയത്. ഇരുവരും യുവതിയുടെ ചായയില്‍ ഉറക്കഗുളിക കലര്‍ത്തി. തുടര്‍ന്ന് ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നു. പോലിസ് എത്തുന്നതിന് മുമ്പ് ദേവയാനി കാര്‍ത്തികിന്റെ പക്കല് ആഭരണങ്ങള്‍ കൊടുത്തുവിട്ടു. കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധവും 10 പവന്റെ ആഭരണങ്ങളും കുറച്ച് പണവും കാര്‍ത്തികിന്റെ കൈയില്‍നിന്ന് കണ്ടെടുത്തതായി പോലിസ് പറഞ്ഞു.