ദേഹാസ്വാസ്ഥ്യം; വിമാനത്തില്‍ കുഴഞ്ഞുവീണ യാത്രക്കാരന് ആശുപത്രിയിലെത്തും മുമ്പേ മരിച്ചു
ഇന്‍ഡോര്‍: വിമാനയാത്രയ്ക്കിടെ കുഴഞ്ഞുവീണ യാത്രക്കാരന് ആശുപത്രിയിലേയ്ക്കുള്ള യാത്രാമധ്യേ മരിച്ചു. ബംഗളൂരുവില്‍നിന്ന് ഡല്‍ഹിയിലേക്കുപോയ വിസ്താര യുകെ818 വിമാനത്തിലാണ് സംഭവം. ഡല്‍ഹി സ്വദേശിയായ മനോജ് കുമാര്‍ അഗര്‍വാള്‍ (50) ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വിമാനത്തില്‍ കുഴഞ്ഞുവീണ മനോജിനെ ആശുപത്രിയിലെത്തിക്കാന്‍ വിമാനം ഇന്‍ഡോര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി ലാന്‍ഡിങ് നടത്തിയിരുന്നു. വിമാനത്തിലെ ക്രൂ നടത്തിയ പരിശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. തുടര്‍ന്ന് ബന്തിയ ആശുപത്രിയിലേക്ക് കൊണ്ടുപോവും വഴി ഇയാള്‍ മരിക്കുകയായിരുന്നു.
യാത്രയ്ക്കിടെ പെട്ടെന്ന് ശ്വാസതടസ്സം അനുഭവപ്പെടുകയും അഗര്‍വാള്‍ പെട്ടെന്ന് ബോധരഹിതനാവുകയും ചെയ്യുകയായിരുന്നുവെന്നാണ് വിവരം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് മെഡിക്കല്‍ റിപോര്‍ട്ട്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറുമെന്ന് അധികൃതര്‍ അറിയിച്ചു. വിമാനത്താവളത്തില്‍നിന്ന് ആശുപത്രിയിലേയ്ക്കുള്ള വഴിമധ്യേയാണ് അഗര്‍വാള്‍ മരണത്തിന് കീഴടങ്ങിയതെന്നും അദ്ദേഹത്തിന്റെ അവസ്ഥ നോക്കുമ്പോള്‍ അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചതായി തോന്നുന്നുവെന്നും ആശുപത്രി ഡയറക്ടര്‍ ഡോ. സുനില്‍ ബന്തിയ പറഞ്ഞു.