ന്യൂഡല്‍ഹി: സാമ്പത്തിക ക്രമക്കേടു കേസുകളില്‍ അന്വേഷണം നേരിടുന്ന റോബര്‍ട്ട് വദ്രക്കു വിദേശത്തു പോവാന്‍ കോടതി അനുമതി. വന്‍കുടലിന് ബാധിച്ച ക്യാന്‍സര്‍ ചികില്‍സയ്ക്കായാണ് വിദേശത്തു പോവാന്‍ ഡല്‍ഹി കോടതി അനുമതി നല്‍കിയത്.
ചികില്‍സയ്ക്കായി ലണ്ടനില്‍ പോകാന്‍ അനുവദിക്കണമെന്ന് കഴിഞ്ഞാഴ്ച കോടതിയോടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോടും റോബര്‍ട്ട് വദ്ര ആവശ്യപ്പെട്ടിരുന്നു. രോഗം സംബന്ധിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും വദ്ര കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഡല്‍ഹിയിലെ ഗംഗ്രാം ആശുപത്രിയില്‍ നിന്നുള്ള സാക്ഷ്യപത്രമാണ് വദ്ര കോടതിയില്‍ സമര്‍പ്പിച്ചത്. ഇതു പരിഗണിച്ച കോടതി വദ്രക്കു വിദേശത്തു പോവാന്‍ ആറാഴ്ച സമയമനുവദിക്കുകയായിരുന്നു. എന്നാല്‍ യുഎസിലും നെതര്‍ലാന്‍ഡിലും പോകാന്‍ അനുമതി നല്‍കിയ കോടതി ലണ്ടനില്‍ പോവരുതെന്നു വദ്രയോടു നിര്‍ദേശിച്ചു. സ്‌പെഷല്‍ ജഡ്ജ് അരവിന്ദ് കുമാര്‍ ആണ് നിര്‍ദേശം നല്‍കിയത്.
അനധികൃത ഭൂമിയിടപാടുകള്‍ ഉള്‍പ്പെടെയുള്ള കേസുകളാണ് വദ്രയ്‌ക്കെതിരേ നിലവിലുള്ളത്. ലണ്ടനിലെ ബ്രിയാന്‍സ്റ്റണ്‍ സ്‌ക്വയറിലെ പതിനേഴ് കോടി രൂപ വില വരുന്ന വസ്തുവകകള്‍ വാങ്ങാനായി കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തിലും വദ്രയ്‌ക്കെതിരേ അന്വേഷണം നടക്കുന്നുണ്ട്.