ഡല്‍ഹിയിലും മഹാരാഷ്ട്രയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു; ആകെ രോഗം കണ്ടെത്തിയത് ഒമ്പത് സംസ്ഥാനങ്ങളില്‍
ഉത്തര്‍പ്രദേശ്, കേരളം, രാജസ്ഥാന്‍, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്, ഹരിയാന, ഗുജറാത്ത് തുടങ്ങിയവയാണ് പക്ഷിപ്പനി സ്ഥിരീകരിച്ച മറ്റ് സംസ്ഥാനങ്ങള്‍. രാജ്യത്ത് മൃഗവാക്‌സിനുകളുടെ ലഭ്യത പരിശോധിക്കാന്‍ കാര്‍ഷിക പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി മൃഗസംരക്ഷണ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി.
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും മഹാരാഷ്ട്രയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. ഇതോടെ പക്ഷിപ്പനി സ്ഥിരീകരിച്ച സംസ്ഥാനങ്ങളുടെ എണ്ണം ഒമ്പതായി. ഉത്തര്‍പ്രദേശ്, കേരളം, രാജസ്ഥാന്‍, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്, ഹരിയാന, ഗുജറാത്ത് തുടങ്ങിയവയാണ് പക്ഷിപ്പനി സ്ഥിരീകരിച്ച മറ്റ് സംസ്ഥാനങ്ങള്‍. ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പലയിടങ്ങളിലും താറാവുകളും കാക്കകളും ചത്തൊടുങ്ങിയിരുന്നു. ഇത് പക്ഷിപ്പനിയാണെന്ന സംശയത്തെത്തുടര്‍ന്ന് പ്രധാന പാര്‍ക്കുകളും തടാകങ്ങളും അധികൃതര്‍ അടച്ചുപൂട്ടുകയും ചെയ്തു. ഇതിന് പിന്നാലെ ഡല്‍ഹിയിലേക്ക് ജീവനുള്ള പക്ഷികളുടെ ഇറക്കുമതിയും നിരോധിച്ചു.
ഗാസിപൂരിലെ ഏറ്റവും വലിയ മൊത്ത കോഴി വിപണി താല്‍ക്കാലികമായി അടച്ചു. എല്ലാ ജില്ലകളിലും ദ്രുതപ്രതികരണസംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. വെറ്ററിനറി ഡോക്ടര്‍മാരും നിരന്തരം ശ്രദ്ധാലുവാണ്. പ്രത്യേകിച്ചും സഞ്ജയ് തടാകം, ഭല്‍സ്വാ തടാകം, ഹൗസ് ഖാസ് എന്നിവിടങ്ങളിലെ കോഴി വിപണികളിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ശനിയാഴ്ച വ്യക്തമാക്കിയിരുന്നു. രാജ്യത്ത് മൃഗവാക്‌സിനുകളുടെ ലഭ്യത പരിശോധിക്കാന്‍ കാര്‍ഷിക പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി മൃഗസംരക്ഷണ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി.
യോഗം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കും. പക്ഷികള്‍ കൂടുതല്‍ ചത്തത് ഹരിയാനയിലാണ്. കഴിഞ്ഞ ഏതാനും ആഴ്ചകളായി നാലുലക്ഷത്തിലധികം പക്ഷികള്‍ ചത്തു. ജമ്മു കശ്മീര്‍, ഛത്തീസ്ഗഢ് എന്നിവിടങ്ങളും ജാഗ്രതയിലാണ്. മുംബൈയില്‍നിന്ന് 500 കിലോമീറ്റര്‍ അകലെയുള്ള പര്‍ഭാനി പക്ഷിപ്പനിയുടെ പ്രഭവകേന്ദ്രമാണെന്നാണ് കണ്ടെത്തല്‍. കഴിഞ്ഞ രണ്ടുദിവസത്തിനുള്ളില്‍ 800 ഓളം കോഴികള്‍ ചത്തു. അവയുടെ സാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചപ്പോഴാണ് പക്ഷിപ്പനി ആണെന്ന് സ്ഥിരീകരിച്ചത്. പക്ഷിപ്പനി സ്ഥിതി അവലോകനം ചെയ്യുന്നതിനായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇന്ന് വൈകുന്നേരം യോഗം ചേരും.