സുരക്ഷാപരിശോധന ഒഴിവാക്കാന്‍ പൈലറ്റ് വേഷം കെട്ടിയ യാത്രക്കാരന്‍ പിടിയില്‍

ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ഡല്‍ഹി സ്വദേശിയായ രാജന്‍ മഹബാനിയേയാണ് സിആര്‍പിഎഫ് പിടികൂടിയത്.

Update: 2019-11-20 06:48 GMT

ന്യൂഡല്‍ഹി: വിമാനത്താവളത്തിലെ സുരക്ഷാപരിശോധനയും നീണ്ട നിരയും ഒഴിവാക്കാന്‍ പൈലറ്റ് വേഷം കെട്ടിയ യാത്രക്കാരന്‍ പിടിയിലായി. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ഡല്‍ഹി സ്വദേശിയായ രാജന്‍ മഹബാനിയേയാണ് സിആര്‍പിഎഫ് പിടികൂടിയത്.

ലുഫ്ത്താന്‍സ എയര്‍ലൈന്‍സിന്റെ പൈലറ്റിന്റെ വേഷത്തിലാണ് രാജന്‍ എയര്‍പോര്‍ട്ടിലെത്തിയത്. കൊല്‍ക്കത്തയിലേക്ക് പോവുന്നതിനായി എയര്‍ ഏഷ്യ വിമാനത്തില്‍ കയരാനിരിക്കുകയായിരുന്നു രാജന്‍. നീണ്ട തിരക്കൊഴിവാക്കുന്നതിന് പൈലറ്റിന്റെ വേഷം കെട്ടിയെത്തുകയായിരുന്നു. ലുഫ്താന്‍സ എയര്‍ലൈന്‍സ് പൈലറ്റ് എന്ന് കാണിച്ചാണ് ഇയാള്‍ അകത്തുകയറിയത്. ജര്‍മന്‍ എയര്‍ലൈന്‍സിന്റെ ചീഫ് സെക്യൂരിറ്റി ഓഫിസര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സിആര്‍പിഎഫ് ഇയാളെ പിടികൂടിയത്. ഇയാളെ ഡല്‍ഹി പൊലിസിന് കൈമാറി.

യു ട്യൂബില്‍നിന്ന് കണ്ട വീഡിയോകളില്‍നിന്നാണ് ലുഫ്ത്താന്‍സ പൈലറ്റിന്റെ വ്യാജ ഐഡിയുണ്ടാക്കിയതെന്നും ബാങ്കോക്കില്‍നിന്നാണ് വ്യാജ ഐഡി സ്വന്തമാക്കിയതെന്നും ഇയാള്‍ പോലിസിനോട് പറഞ്ഞു. സുരക്ഷാപരിശോധന പെട്ടെന്ന് നടക്കാനും നീണ്ട ക്യൂവില്‍ കാത്തുനില്‍ക്കാതിരിക്കാനും വേണ്ടിയാണ് പൈലറ്റ് വേഷമുപയോഗിച്ചതെന്നും ഇയാള്‍ പറഞ്ഞു. ഇതിന് മുമ്പ് ഇതേ യൂനിഫോം ഉപയോഗിച്ച് യാത്രചെയ്തിട്ടുണ്ടെന്നും ഇയാള്‍ പോലിസിനോട് പറഞ്ഞു.

അതേസമയം, വസന്തകുഞ്ചില്‍ താമസിക്കുന്ന ഇയാളുടെ വീട്ടില്‍നിന്നും നടത്തിയ പരിശോധനയില്‍ വിവിധ യൂനിഫോമുകളിലുള്ള ഇയാളുടെ ചിത്രങ്ങളും പോലിസ് കണ്ടെത്തി. ആര്‍മി കേണിലിന്റെ വേഷത്തില്‍ അടക്കമുള്ള ചിത്രങ്ങളും ഇദ്ദേഹത്തിന്റെ പക്കലുണ്ട്. ഈ വേഷങ്ങള്‍ എല്ലാം ചെയ്തത് ടിക് ടോക് വീഡിയോയ്ക്ക് വേണ്ടിയായിരുന്നു എന്നും ഇയാള്‍ പോലിസിനോട് സമ്മതിച്ചു. ആള്‍മാറാട്ടം നടത്തി ഇയാള്‍ വേറെ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണന്നും പോലിസ് അറിയിച്ചു.

Tags:    

Similar News