എസ്എആര്‍ ഗിലാനിയുടെ മൃതദേഹം കശ്മീരിലേക്കു കൊണ്ടുപോവുന്നത് ഡല്‍ഹി പോലിസ് തടഞ്ഞു

ഇന്നലെ അന്തരിച്ച പ്രഫ. എസ്എആര്‍ ഗിലാനിയുടെ മൃതദേഹം ജന്മനാടായ കശ്മീരിലേക്കു കൊണ്ടുപോവുന്നത് വൈകിപ്പിക്കാനുള്ള ശ്രമവുമായി ഡല്‍ഹി പോലിസ്.

Update: 2019-10-25 02:20 GMT

ന്യൂഡല്‍ഹി: ഇന്നലെ അന്തരിച്ച പ്രഫ. എസ്എആര്‍ ഗിലാനിയുടെ മൃതദേഹം ജന്മനാടായ കശ്മീരിലേക്കു കൊണ്ടുപോവുന്നത് വൈകിപ്പിക്കാനുള്ള ശ്രമവുമായി ഡല്‍ഹി പോലിസ്. പോസ്റ്റ്‌മോര്‍ട്ടം നടത്താതെ മൃതദേഹം കൊണ്ടുപോവാന്‍ അനുവദിക്കില്ലെന്നാണ് പോലിസ് പറയുന്നത്. വ്യഴാഴ്ച്ച വൈകീട്ടോടെയാണ് ഡല്‍ഹി സര്‍വകലാശാല മുന്‍ പ്രൊഫസറും പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനുമായ എസ് എ ആര്‍ ഗിലാനി അന്തരിച്ചത്.



മൃതദേഹം നാട്ടിലേക്കു കൊണ്ടുപോവുന്നതിനായി ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാശിലുള്ള ഫോര്‍ട്ടിസ് ആശുപത്രിയില്‍ നിന്ന് ഇന്നലെ രാത്രി 9.45ഓടെ ആംബുലന്‍സില്‍ കയറ്റിയിരുന്നു. എന്നാല്‍, പോസ്റ്റ്‌മോര്‍ട്ടം നടത്താതെ കൊണ്ടുപോവാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് പോലിസ് തടയുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളും സുഹൃത്തുക്കളും പ്രതിഷേധിച്ചതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. രാത്രി 12.30വരെ തര്‍ക്കം തുടര്‍ന്നു. ഒടുവില്‍ അര്‍ധരാത്രിക്കു ശേഷം മൃതദേഹം എയിംസിലേക്കു മാറ്റുകയായിരുന്നു. ഗിലാനിയുടെ മക്കളും ഭാര്യയും സഹോദരനും ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തേണ്ടതില്ലെന്ന നിലപാടിലാണ്. മൃതദേഹം കൊണ്ടു പോവുന്നതു സംബന്ധിച്ച് ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. എന്‍സിഎച്ച്ആര്‍ഒ ദേശീയ സെക്രട്ടറി റെനി ഐലിന്‍, ഡല്‍ഹി യൂനിവേഴ്‌സിറ്റി പ്രൊഫസര്‍ ഹാനി ബാബു ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തുണ്ട്.

അതേ സമയം, ഇന്ന് വെള്ളിയാഴ്ച്ച ആയതിനാല്‍ സംസ്‌കാര ചടങ്ങില്‍ വന്‍ജനക്കൂട്ടം പങ്കെടുക്കുമെന്നും അത് സര്‍ക്കാരിനെതിരായ പ്രതിഷേധ വേദിയാവുമെന്നും ഭയന്നാണ് മൃതദേഹം കൊണ്ടുപോവുന്നത് പോലിസ് തടയുന്നതെന്നാണു സൂചന. പാര്‍ലമെന്റ് ആക്രമണത്തില്‍ പ്രതിചേര്‍ക്കപ്പെട്ട എസ്എആര്‍ ഗിലാനി വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും ഒടുവില്‍ നിരപരാധിയാണെന്നു കണ്ടെത്തി മോചിപ്പിക്കുകയും ചെയ്തിരുന്നു. തടവില്‍ കടുത്ത പീഢനമാണ് ഗിലാനി അനുഭവിച്ചത്.   

Tags:    

Similar News