ഡല്‍ഹി വംശഹത്യാ അക്രമം: ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം അടക്കം 18 പേര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ ഡല്‍ഹി സര്‍ക്കാരിന്റെ അനുമതി
പോലിസിന്റെ കുറ്റപത്രം പരിശോധിച്ചതില്‍നിന്ന് പ്രഥമദൃഷ്ട്യാ പ്രതികള്‍ രാജ്യദ്രോഹവും ക്രിമിനല്‍ ഗൂഢാലോചനയും നടത്തിയെന്ന് വ്യക്തമായതായി ഡല്‍ഹി സര്‍ക്കാരിന്റെ അനുമതി കത്തില്‍ വ്യക്തമാക്കുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട്ട് ചെയ്തു. സപ്തംബര്‍ പകുതിയോടെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി വിചാരണ ചെയ്യുന്നതിന് പ്രോസിക്യൂഷന്‍ അനുമതി നല്‍കുന്നതിനായി പോലിസ് ഡല്‍ഹി സര്‍ക്കാരിന് കത്ത് നല്‍കുന്നത്.
ന്യൂഡല്‍ഹി: ഡല്‍ഹി വംശഹത്യാ അതിക്രമവുമായി ബന്ധപ്പെട്ട കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 18 പേര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ പോലിസിന് അനുമതി നല്‍കി. മുന്‍ ജെഎന്‍യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദ്, ജെഎന്‍യു വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാം, നതാഷ നര്‍വാള്‍, ദേവങ്കണ കലിത, മുന്‍ ഡല്‍ഹി ആം ആദ്മി കൗണ്‍സിലറായ താഹിര്‍ ഹുസൈന്‍, മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഇസ്രത്ത് ജഹാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേയാണ് രാജ്യദ്രോഹക്കുറ്റവും ക്രിമിനല്‍ ഗൂഢാലോചനയും ചുമത്തി കേസെടുക്കാന്‍ അനുമതി നല്‍കിയത്.
ഡല്‍ഹി കലാപത്തില്‍ പങ്കുണ്ടെന്നാരോപിച്ച് നവംബര്‍ 22നാണ് ഡല്‍ഹി പോലിസ് പ്രതികള്‍ക്കുമെതിരേ കുറ്റപത്രം സമര്‍പ്പിക്കുന്നത്. യുഎപിഎ നിയമപ്രകാരം പ്രതികള്‍ക്കെതിരേ കുറ്റം ചുമത്താന്‍ കഴിഞ്ഞമാസം ഡല്‍ഹി സര്‍ക്കാര്‍ പോലിസ് പ്രോസിക്യൂഷന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍, ഇവര്‍ക്കെതിരേ രാജ്യദ്രോഹം ചുമത്താന്‍ പോലിസിന് ഡല്‍ഹി സര്‍ക്കാരിന്റെ അനുമതി ലഭിച്ചിരുന്നില്ല. രാജ്യദ്രോഹക്കുറ്റമടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് പ്രതികളെ വിചാരണ ചെയ്യാനുള്ള അനുമതി ഡല്‍ഹി സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് പോലിസ് കോടതിയെ അറിയിച്ചിരുന്നത്. അതാണിപ്പോള്‍ ഡല്‍ഹി സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.
പോലിസിന്റെ കുറ്റപത്രം പരിശോധിച്ചതില്‍നിന്ന് പ്രഥമദൃഷ്ട്യാ പ്രതികള്‍ രാജ്യദ്രോഹവും ക്രിമിനല്‍ ഗൂഢാലോചനയും നടത്തിയെന്ന് വ്യക്തമായതായി ഡല്‍ഹി സര്‍ക്കാരിന്റെ അനുമതി കത്തില്‍ വ്യക്തമാക്കുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട്ട് ചെയ്തു. സപ്തംബര്‍ പകുതിയോടെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി വിചാരണ ചെയ്യുന്നതിന് പ്രോസിക്യൂഷന്‍ അനുമതി നല്‍കുന്നതിനായി പോലിസ് ഡല്‍ഹി സര്‍ക്കാരിന് കത്ത് നല്‍കുന്നത്.
പോലിസ് ചുമത്തിയ വകുപ്പുകള്‍ ചേര്‍ത്ത് വിചാരണ ആരംഭിക്കുന്നതിന് മുമ്പ് സര്‍ക്കാരിന്റെ പ്രോസിക്യൂഷന്‍ അനുമതി ആവശ്യമാണ്. രാജ്യദ്രോഹക്കുറ്റം തെളിയിക്കപ്പെട്ടാല്‍ പരമാവധി ശിക്ഷ ജീവപര്യന്തം തടവാണ്. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ കലാപം നടത്താന്‍ ഗൂ ഢാലോചന നടത്തിയെന്നാരോപിച്ചാണ് പൗരത്വ ഭേദഗതി നിയമത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന ഇവരെ പോലിസ് അറസ്റ്റുചെയ്തത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിന്റെ പ്രധാന മുഖങ്ങളായതിനാലാണ് ഡല്‍ഹി കലാപക്കേസുകളില്‍ പോലിസ് തങ്ങളെ വേട്ടയാടുന്നതെന്ന് അറസ്റ്റിലായവര്‍ പറയുന്നു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ഡല്‍ഹിയില്‍ രാജ്യത്തെ നടുക്കിയ വംശീയ അക്രമം അരങ്ങേറിയത്. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജാഫ്‌റാബാദില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്‌ലിം സ്ത്രീകള്‍ കുത്തിയിരിപ്പ് സമരം നടത്തിയ സ്ഥലത്ത് ഫെബ്രുവരി 23ന് ബിജെപി നേതാവ് കപില്‍ മിശ്ര നടത്തിയ പ്രകോപനപരമായ പ്രസംഗത്തിന് പിന്നാലെയാണ് മുസ്‌ലിം വിരുദ്ധ കലാപം തുടങ്ങിയത്. അക്രമത്തില്‍ ആകെ 53 പേര്‍ കൊല്ലപ്പെട്ടു. ഇരകളില്‍ ഭൂരിപക്ഷവും മുസ്‌ലിം വിഭാഗത്തില്‍നിന്നുള്ളവരായിരുന്നു.