ന്യൂഡല്‍ഹി: കത്രിക ഉപയോഗിച്ച് വീട്ടമ്മയെ കഴുത്തറത്ത് കൊലപ്പെടുത്തി കവര്‍ച്ച നടത്തിയ നാലംഗ സംഘത്തെ അറസ്റ്റ് ചെയ്തു. ഇഷ്ടിക ഉപയോഗിച്ച് പ്രതികള്‍ വീട്ടമ്മയുടെ തലയ്ക്കടിക്കുകയും ചെയ്തു. വടക്കുകിഴക്കന്‍ ഡല്‍ഹി സ്വദേശിനിയായ 52കാരിയാണ് കൊടുംക്രൂരമായ ആക്രമണത്തിന് വിധേയയായത്. കഴിഞ്ഞ 11ന് കാരാവാള്‍ നഗറിലായിരുന്നു സംഭവമുണ്ടായത്. താരാ ബോധ് എന്ന വീട്ടമ്മയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് സ്വദേശികളായ അമന്‍, ആകാശ്, മനീഷ്, വൈഭവ് ജയിന്‍ എന്നിവരെയാണ് അറസ്റ്റുചെയ്തത്.
അമനും ആകാശും മറ്റൊരു വയോധികയെ സമാനമായ രീതിയില്‍ കൊലപ്പെടുത്തിയതില്‍ പ്രതികളാണെന്ന് ചോദ്യംചെയ്യലില്‍ വ്യക്തമായതായി വടക്കുകിഴക്കന്‍ ഡല്‍ഹി ഡിസിപി സഞ്ജയ് കുമാര്‍ സെയ്ന്‍ പറഞ്ഞു. അമനിന്റെ സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് കൊലപാതകം ആസൂത്രണം ചെയ്തത്. താരയുടെ കുടുംബവുമായി അമനു ബിസിനസ് ഇടപാടുകളുണ്ടായിരുന്നു. വീട്ടില്‍ ഇവര്‍ വന്‍ തോതില്‍ പണം സൂക്ഷിച്ചിട്ടുണ്ടെന്നു കരുതിയാണ് സുഹൃത്തുക്കളുമായി ചേര്‍ന്ന് കൊലപാതകം നടത്തിയത്.
കൊലപാതകം നടത്തിയ ശേഷം അവരുടെ ആഭരണങ്ങള്‍ പ്രതികള്‍ കൈക്കലാക്കിയിരുന്നു. സംഭവദിവസം ചില ബിസിനസ് ഇടപാടുകളുടെ പേരുപറഞ്ഞ് വീട്ടമ്മയുടെ വീട്ടിലെത്തുകയും കൊല നടത്തുകയുമായിരുന്നു. കൊലപാതകം നടത്തി പ്രതികള്‍ രക്ഷപ്പെട്ടെങ്കിലും അയല്‍വാസികളില്‍ ചിലര്‍ നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തിലാണ് പ്രതികള്‍ വലയിലായത്. അന്വേഷണത്തിനിടെ പോലിസ് അമന്റെ പേര് കണ്ടെത്തുകയും ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു.
എന്നാല്‍, ലോണിയിലെ വീട്ടിലോ ഫാക്ടറിയിലോ ഇയാളെ കണ്ടെത്താനായില്ല. കൂടുതല്‍ പരിശോധനയില്‍ ഇയാളുടെ കൂട്ടാളികളുടെ പേരുകള്‍ പോലിസിന് ലഭിച്ചു. എല്ലാവരെയും അവരുടെ വീടുകളില്‍നിന്ന് അപ്രത്യക്ഷമായിരുന്നു. ഒടുവില്‍ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഓള്‍ഡ് ഡല്‍ഹി റെയില്‍വേ സ്‌റ്റേഷനു സമീപത്തുനിന്നാണ് അമനെയും മനീഷിനെയും പിടികൂടിയത്. ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മറ്റ് രണ്ട് കൂട്ടാളികളെയും പിടികൂടി.