സഹോദരിയെ ശല്യപ്പെടുത്തുന്നതായി സംശയം; രണ്ടാനച്ഛനെ യുവാവ് കുത്തിക്കൊന്നു
ഔട്ടര്‍ ഡല്‍ഹിയിലെ ബാബാ ഹരിദാസ് നഗറിലായിരുന്നു സംഭവം. 20 കാരനായ യോഗേന്ദറിന്റെ കുത്തേറ്റ് രണ്ടാനച്ഛന്‍ ദേവേന്ദര്‍ (27) ആണ് കൊല്ലപ്പെട്ടത്.
ന്യൂഡല്‍ഹി: സഹോദരിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നുവെന്ന സംശയത്തെത്തുടര്‍ന്ന് രണ്ടാനച്ഛനെ മകന്‍ കൊലപ്പെടുത്തി. ഔട്ടര്‍ ഡല്‍ഹിയിലെ ബാബാ ഹരിദാസ് നഗറിലായിരുന്നു സംഭവം. 20 കാരനായ യോഗേന്ദറിന്റെ കുത്തേറ്റ് രണ്ടാനച്ഛന്‍ ദേവേന്ദര്‍ (27) ആണ് കൊല്ലപ്പെട്ടത്.
2011ല്‍ ഭര്‍ത്താവ് മരണപ്പെട്ട 45 കാരിയായ സ്ത്രീ 20ഉം 15ഉം പ്രായമുള്ള മക്കളോടൊപ്പമാണ് താമസിക്കുന്നത്. ഉത്തര്‍പ്രദേശിലെ ആലിപ്പൂരില്‍ ഷോപ്പ് നടത്തുന്ന ദേവേന്ദറുമായി അടുപ്പത്തിലായ സ്ത്രീക്ക് ഏഴുവയസ്സുള്ള കുട്ടിയുമുണ്ട്. കുറച്ചുദിവസങ്ങളായി അമ്മയുടെ ഭര്‍ത്താവ് തന്റെ പ്രായപൂര്‍ത്തിയാവാത്ത സഹോദരിയെ ശല്യപ്പെടുത്തുന്നതായി പ്രതിക്ക് സംശയമുണ്ടായി. ഇതെച്ചൊല്ലി ഇവര്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയുമുണ്ടായി.
തുടര്‍ന്ന് കത്തി ഉപയോഗിച്ച് രണ്ടാനച്ഛനായ ദേവേന്ദറിനെ യാഗേന്ദര്‍ കുത്തിവീഴ്ത്തുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ഈ സമയം വീട്ടില്‍ അമ്മയുമുണ്ടായിരുന്നു. തുടര്‍ന്ന് കത്തി വലിച്ചെറിഞ്ഞ യുവാവ് തന്നെയാണ് പോലിസിനെ വിവരമറിയിച്ചത്. വീട്ടിലെത്തി യുവാവിനെ അറസ്റ്റുചെയ്ത പോലിസ് കൊലയ്ക്കുപയോഗിച്ച കത്തിയും കണ്ടെടുത്തു. ദേവേന്ദറിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീടിന് സമീപം ചെറിയ ഷോപ്പ് നടത്തുകയാണ് യുവാവ്. കൊലപാതകത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി ഡിസിപി ആന്റോ അല്‍ഫോണ്‍സ് വ്യക്തമാക്കി.