പ്രശാന്ത് ഭൂഷനെതിരായ കോടതിയലക്ഷ്യനടപടികള്‍ സുപ്രിംകോടതി അവസാനിപ്പിക്കണം: മുന്‍ ജഡ്ജിമാരടക്കം നൂറോളം പ്രമുഖര്‍
പ്രശാന്ത് ഭൂഷന്റെ രണ്ട് ട്വീറ്റുകളുമായി ബന്ധപ്പെട്ട് കോടതിയലക്ഷ്യ നടപടികള്‍ ആരംഭിച്ചതില്‍ സംഘം ആശങ്ക പ്രകടിപ്പിച്ചു. കോടതിയുടെ അന്തസ് നിലനിര്‍ത്തുന്നതിനും നീതി പ്രാവര്‍ത്തികമാക്കുന്നതിനും അദ്ദേഹത്തനെതിരായ നടപടികള്‍ പിന്‍വലിക്കേണ്ടതാണ്. സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായ വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കായി നിരന്തരമായ കുരിശുയുദ്ധം നടത്തിയ വ്യക്തിയാണ് പ്രശാന്ത് ഭൂഷനെന്ന് പ്രമുഖര്‍ ഒപ്പുവച്ച സംയുക്തപ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
ന്യൂഡല്‍ഹി: മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷനെതിരായ കോടതിയലക്ഷ്യനടപടികള്‍ സുപ്രിംകോടതി അവസാനിപ്പിക്കണമെന്ന് മുന്‍ ജഡ്ജിമാരടക്കം നൂറോളം പ്രമുഖര്‍ ആവശ്യപ്പെട്ടു. അഭിഭാഷകര്‍, ആക്ടിവിസ്റ്റുകള്‍, എഴുത്തുകാര്‍, അക്കാദമിഷ്യന്‍മാര്‍, രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍, മുന്‍ ബ്യൂറോക്രാറ്റുകള്‍ അടക്കമുള്ളവരാണ് പ്രശാന്ത് ഭൂഷനെതിരേ സ്വമേധയാ ആരംഭിച്ച കോടതിയലക്ഷ്യ നടപടികള്‍ ആരംഭിച്ച സുപ്രിംകോടതിയുടെ തീരുമാനം പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് രംഗത്തുവന്നിരിക്കുന്നത്. സുപ്രിംകോടതിക്കെതിരേ ട്വിറ്ററില്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് പ്രശാന്ത് ഭൂഷനെതിരേ കോടതിയലക്ഷ്യക്കേസെടുത്തത്.
പ്രശാന്ത് ഭൂഷന്റെ രണ്ട് ട്വീറ്റുകളുമായി ബന്ധപ്പെട്ട് കോടതിയലക്ഷ്യ നടപടികള്‍ ആരംഭിച്ചതില്‍ സംഘം ആശങ്ക പ്രകടിപ്പിച്ചു. കോടതിയുടെ അന്തസ് നിലനിര്‍ത്തുന്നതിനും നീതി പ്രാവര്‍ത്തികമാക്കുന്നതിനും അദ്ദേഹത്തനെതിരായ നടപടികള്‍ പിന്‍വലിക്കേണ്ടതാണ്. സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായ വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കായി നിരന്തരമായ കുരിശുയുദ്ധം നടത്തിയ വ്യക്തിയാണ് പ്രശാന്ത് ഭൂഷനെന്ന് പ്രമുഖര്‍ ഒപ്പുവച്ച സംയുക്തപ്രസ്താവനയില്‍ വ്യക്തമാക്കുന്നു. നീതി നടപ്പാക്കാത്തവര്‍ക്കെതിരായി തന്റെ കരിയര്‍ പൂര്‍ണമായും അദ്ദേഹം ചെലവഴിച്ചു.
പരിസ്ഥിതി സംരക്ഷണം, മനുഷ്യാവകാശം, പൗരസ്വാതന്ത്ര്യം, ഉന്നതങ്ങളിലെ അഴിമതി തുടങ്ങി നിരവധി വിഷയങ്ങളില്‍ അദ്ദേഹം അപെക്‌സ് കോടതികളില്‍ കേസുകള്‍ നടത്തിയിട്ടുണ്ട്. ജുഡീഷ്യല്‍ ഉത്തരവാദിത്തത്തെക്കുറിച്ചും പരിഷ്‌കാരങ്ങളെക്കുറിച്ചും പ്രത്യേകിച്ച് ഉയര്‍ന്ന ജുഡീഷ്യറികളില്‍ പരസ്യമായി സംസാരിക്കുന്നയാളാണ് അദ്ദേഹം. സംസ്ഥാനങ്ങളിലെ ജനങ്ങളുടെ മൗലികാവകാശങ്ങളുടെ മേല്‍ സര്‍ക്കാര്‍ അതിരുകടക്കുമ്പോഴും ലംഘിക്കുമ്പോഴും ഭരണഘടനാപരമായ നിര്‍ബന്ധിത പങ്ക് വഹിക്കുന്നതില്‍ സുപ്രിംകോടതി വിമുഖത കാണിക്കുന്നതിനെക്കുറിച്ച് കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്.
ലോക്ക് ഡൗണ്‍ സമയത്ത് കുടിയേറ്റ തൊഴിലാളികളുടെ പ്രതിസന്ധി ഒഴിവാക്കാന്‍ സമയബന്ധിതമായി ഇടപെടുന്നതില്‍ സുപ്രിംകോടതി വിമുഖത കാട്ടിയത് സമൂഹത്തില്‍ ശക്തമായ പൊതുപരിശോധനയ്ക്ക് വിധേയമായതാണ്. കൊവിഡ് മഹാമാരി ആരംഭിച്ച് അഞ്ചുമാസം പിന്നിട്ടിട്ടും പരിമിതമായ രീതിയില്‍ പോലും കോടതിയിലെ ഹിയറിങ്ങുകള്‍ പുനരാരംഭിക്കാത്ത സുപ്രിംകോടതിയുടെ നടപടിയെക്കുറിച്ചും ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ തങ്ങള്‍ ഉയര്‍ത്തിയ ആശങ്കകള്‍ ശ്രദ്ധിക്കുകയും പൊതുജനങ്ങളുമായി സുതാര്യമായ രീതിയിലുള്ള ഇടപെടലുകള്‍ നടത്തണമെന്നും സംഘം സുപ്രിംകോടതിയിലെ ജഡ്ജിമാരോട് അഭ്യര്‍ഥിച്ചു.
തന്റെ ആശങ്കകളില്‍ ചിലത് ട്വീറ്റുകളിലൂടെ വ്യക്തമാക്കിയ ഭൂഷനെതിരേ കോടതിയലക്ഷ്യത്തിന് നടപടിയെടുത്തത് അത്തരം വിമര്‍ശനങ്ങള്‍ക്ക് തടയിടാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. സുപ്രിംകോടതിയെപ്പോലെ ഒരു സ്ഥാപനം വിമര്‍ശനങ്ങളെ ഭയപ്പെടാതെ പൊതുചര്‍ച്ചയ്ക്ക് തയ്യാറാവണം. ഇന്ത്യയില്‍ ജുഡീഷ്യറിയെ വിമര്‍ശിക്കുന്നത് തടസ്സപ്പെടുത്തരുതെന്ന തത്ത്വം സുപ്രിംകോടതിയും അക്കാദമിക് വിദഗ്ധരും പ്രമുഖ അഭിഭാഷകരും അംഗീകരിച്ചിട്ടുണ്ടെന്നും സംയുക്തപ്രസ്താവന ചൂണ്ടിക്കാട്ടുന്നു.
മുന്‍ സുപ്രിം കോടതി ജഡ്ജി ജസ്റ്റിസ് മദം ബി ലോക്കൂര്‍, ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് എ പി ഷാ, എഴുത്തുകാരി അരുന്ധതി റോയ്, മുന്‍ നാവികസേനാ മേധാവി അഡ്മിറല്‍ എല്‍ രാംദാസ്, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃദ്ധാ കാരാട്ട്, മുന്‍ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ്, മുന്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ വജ്ജഹത്ത് ഹബീബുല്ല, ആക്ടിവിസ്റ്റുകളായ അരുണ റോയ്, അഞ്ജലി ഭരദ്വാജ്, നിഖില്‍ ഡേ എന്നിവര്‍ ഉള്‍പ്പെടെ 131 പേരാണ് പ്രസ്താവനയില്‍ ഒപ്പിട്ടിരിക്കുന്നത്.