സാക്കിര്‍ നായിക്കിനെതിരേ പുതിയ കുരുക്കുമായി ഇഡി; പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കും
നായിക്കിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാനും, സ്വത്തുക്കള്‍ കണ്ടുകെട്ടാനുമാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ നീക്കം. ഇതിനു വേണ്ടി സാക്കിര്‍ നായികിനെ സാമ്പത്തിക കുറ്റകൃത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് മുംബൈയിലെ പ്രത്യേക കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ കോടതിയില്‍ തിങ്കളാഴ്ച്ച അപേക്ഷ നല്‍കി.
ന്യൂഡല്‍ഹി: പ്രമുഖ മത പ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ സ്വത്തുക്കള്‍ മുഴുവന്‍ പിടിച്ചെടുക്കാനുള്ള തന്ത്രവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി). നായിക്കിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാനും, സ്വത്തുക്കള്‍ കണ്ടുകെട്ടാനുമാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ നീക്കം. ഇതിനു വേണ്ടി സാക്കിര്‍ നായികിനെ സാമ്പത്തിക കുറ്റകൃത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് മുംബൈയിലെ പ്രത്യേക കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ കോടതിയില്‍ തിങ്കളാഴ്ച്ച അപേക്ഷ നല്‍കി. ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടത്തിയ ശേഷം രാജ്യം വിടുന്നവര്‍ക്ക് മേല്‍ ചുമത്തുന്ന നിയമമാണിത്.
ബന്ധപ്പെട്ട രേഖകള്‍ സഹിതം സീല്‍ ചെയ്ത കവറിലാണ് ഇഡി അപേക്ഷ നല്‍കിയത്. ഇതിന്‍മേലുള്ള വാദംകേള്‍ക്കല്‍ സപ്തംബര്‍ 30ന് നടക്കും.
കോടതിയുടെ മുന്നില്‍ ഹാജരാകാന്‍ രണ്ട് മാസത്തെ സമയം നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ച്ച സാക്കിര്‍ നായിക് അഭിഭാഷകന്‍ വഴി നല്‍കിയ അപേക്ഷ കോടതി നിരസിച്ചിരുന്നു . മാത്രമല്ല നായിക്കിനെതിരെ ഇഡി അപേക്ഷ പ്രകാരം മുംബൈ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
നായിക് സമയത്ത് കോടതിയില്‍ ഹാജരാകാതിരിക്കുകയും പിടികിട്ടാപ്പുള്ളയായി പ്രഖ്യാപിക്കുകയും ചെയ്താല്‍ എന്‍ഫോഴ്‌സ്മന്റ് ഡയറക്ടറേറ്റിന് അദ്ദേഹത്തിന്റെ ഇന്ത്യയിലും വിദേശത്തുമുള്ള സ്വത്തുക്കള്‍ മുഴുവന്‍ കണ്ടുകെട്ടാനാവും.
സാക്കിര്‍ നായികിന്റെ 50.49 കോടിയുടെ സ്വത്തുക്കള്‍ ഇതിനകം ഇഡി കണ്ടുകെട്ടിയിട്ടുണ്ട്. ഫണ്ടിന്റെ സ്രോതസ്സ് വ്യക്തമാവാതിരിക്കാന്‍ സാക്കിര്‍ ആദ്യം തന്റെ ഭാര്യയുടെയും മകന്റെയും മരുമകന്റെയും അക്കൗണ്ടുകളിലേക്ക് പണം കൈമാറുകയും കുടുംബാംഗങ്ങളുടെ പേരില്‍ സ്വത്തുക്കള്‍ വാങ്ങുകയുമാണ് ചെയ്യുന്നതെന്ന് ഇഡി ആരോപിച്ചു.
വിദ്വേഷ പ്രസംഗം നടത്തുന്നു എന്നാരോപിച്ച് ദേശീയ അന്വേഷണ ഏജന്‍സി കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് സാക്കിര്‍ നായിക് 2016ലാണ് ഇന്ത്യ വിട്ട് മലേസ്യയിലേക്ക് താമസം മാറ്റുന്നത്. അവിടെ അദ്ദേഹത്തിന് സ്ഥിരവാസത്തിനുള്ള അനുമതി ലഭിച്ചു. യുഎപിഎ പ്രകാരം എന്‍ഐഎ സമര്‍പ്പിച്ച എഫ്‌ഐആറിലാണ് 2016ല്‍ ഇഡി നായികിനെതിരേ കേസെടുത്തത്. നായിക്കിന്റെ ഉടമസ്ഥതയിലുള്ളതെന്ന് പറയപ്പെടുന്ന ചെന്നൈയിലെ ഇസ്‌ലാമിക് ഇന്റര്‍നാഷനല്‍ സ്‌കൂള്‍, പത്ത് ഫഌറ്റുകള്‍, മൂന്ന് ഗോഡൗണുകള്‍, രണ്ട് കെട്ടിടങ്ങള്‍, പൂനെ, മുംബൈ എന്നിവിടങ്ങളിലെ ഭൂമി, ബാങ്ക് അക്കൗണ്ടുകള്‍ എന്നിവയാണ് ഇഡി നേരത്തെ കണ്ടുകെട്ടിയത്.