അജ്മീര്‍: രാജസ്ഥാനില്‍ ബസ്സും ട്രക്കും കൂട്ടിയിടിച്ച് എട്ടുപേര്‍ മരണപ്പെടുകയും 20ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ലുമാന വില്ലേജില്‍ ഞായറാഴ്ചയാണു അപകടം. പരിക്കേറ്റവരെ സമീപത്തെ ജവഹര്‍ലാല്‍ നെഹ്‌റു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലെത്തുമ്പോഴേക്കും അഞ്ചുപേര്‍ മരണപ്പെട്ടിരുന്നുവെന്നു ആശുപത്രി സൂപ്രണ്ട് ഡോ. അനില്‍ ജെയ്ന്‍ പറഞ്ഞു. ട്രക്ക് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് പരിക്കേറ്റ ബസ് യാത്രികന്‍ പറഞ്ഞു. ജയ്പൂരില്‍നിന്നു ഗുജറാത്തിലേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തില്‍പെട്ടത്. 85ഓളം പേര്‍ ബസ്സിലുണ്ടായിരുന്നു. എതിരേ രണ്ടു ട്രക്കുകള്‍ വന്നു. ബസിന്റെ മധ്യഭാഗത്ത് ട്രക്ക് ഇടിക്കുകയും കണ്ടക്ടറുടെ ഭാഗത്ത് ഇരുന്നവര്‍ക്ക് പരിക്കേല്‍ക്കുകയുമായിരുന്നുവെന്ന് ബറേലിയില്‍ നിന്നുള്ള ബസ് യാത്രികന്‍ ഹാറൂണ്‍ അലി പറഞ്ഞു. ഗുജറാത്തിലെ പലാന്‍പൂരിലേക്ക് കൂലിപ്പണിക്കു പോവുന്നവരാണ് കൂടുതലായും ബസ്സിലുണ്ടായിരുന്നത്.