യുഎന്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് എട്ട് സമാധാന സേനാംഗങ്ങള്‍ കൊല്ലപ്പെട്ടു

Update: 2022-03-31 01:16 GMT
യുഎന്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് എട്ട് സമാധാന സേനാംഗങ്ങള്‍ കൊല്ലപ്പെട്ടു

കിന്‍ഷാസ: ഐക്യരാഷ്ട്ര സഭയുടെ സമാധാന സേനാംഗങ്ങളുമായി പോയ ഹെലികോപ്റ്റര്‍ തകര്‍ന്ന് എട്ടുപേര്‍ മരിച്ചു. ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നത്. മരിച്ചവരില്‍ ആറ് പാകിസ്താനികളും ഒരു റഷ്യക്കാരനും ഒരു സെര്‍ബിയന്‍ സമാധാന സേനാംഗവും ഉള്‍പ്പെടുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

'ഇന്നലെ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ എട്ട് യുഎന്‍ സമാധാന സേനാംഗങ്ങളുടെ മരണത്തിനിടയാക്കിയ ഹെലികോപ്ടര്‍ അപകടത്തില്‍ അതിയായ ദുഖമുണ്ട്. അപകടത്തെക്കുറിച്ചുള്ള അന്വേഷണം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് അനുശോചനമറിയിക്കുന്നു-' യുഎന്‍ സെക്രട്ടറി ജനറല്‍ പറഞ്ഞു. അതേസമയം, അപകടത്തിന്റെ കാരണം വ്യക്തമല്ല. മൃതദേഹങ്ങള്‍ ഗോമയിലേക്ക് കൊണ്ടുപോയിട്ടുണ്ടെന്നും അപകടത്തിന്റെ സാഹചര്യത്തെ കുറിച്ച് അന്വേഷണം നടക്കുകയാണെന്നും ഐക്യരാഷ്ട്ര സഭ അറിയിച്ചു.

റിപ്പബ്ലിക് ഓഫ് കോംഗോയിലെ യുഎന്‍ ഓര്‍ഗനൈസേഷന്‍ സ്‌റ്റെബിലൈസേഷന്‍ മിഷന്‍ (മോനുസ്‌കോ) ആണ് ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണതായി സ്ഥിരീകരിച്ചത്. ഇന്നലെ ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടമായതിനെ തുടര്‍ന്ന് മോനുസ്‌കോയുടെ നിര്‍ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്ന വിവരം വ്യക്തമായത്. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ എട്ട് പേരുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

കോംഗോ സൈന്യവും എം-23 എന്നറിയപ്പെടുന്ന വിമതഗ്രൂപ്പും തമ്മില്‍ ഈയടുത്ത് ഏറ്റുമുട്ടല്‍ നടന്ന വടക്കന്‍ കിവു പ്രവിശ്യയിലെ ത്ഷാന്‍സു പ്രദേശത്താണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ 'അപകടത്തില്‍ അഗാധമായ ദു:ഖം പ്രകടിപ്പിച്ചു, രാജ്യത്തിന്റെ സായുധ സേനയുടെ ആഗോള സമാധാന അംഗങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതായി അദ്ദേഹത്തിന്റെ ഓഫിസ് പറഞ്ഞു. എം 23 വിമതരാണ് ഹെലികോപ്റ്റര്‍ വെടിവച്ചിട്ടതെന്ന് ഡിആര്‍സിയുടെ സൈന്യത്തെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. എന്നാല്‍, സംഘം ഇത് നിഷേധിച്ചു. എന്നാല്‍, കോംഗോ സൈന്യമാണ് ആക്രമണത്തിന് ഉത്തരവാദിയെന്ന് അവര്‍ ആരോപിച്ചു.

Tags:    

Similar News