നിക്കോളാസ് മധുറോ വെനുസ്വേലയുടെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു; മധുറോയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 215 കോടി രൂപ നല്‍കുമെന്ന് യുഎസ്
കരക്കാസ്: വെനുസ്വേലന്‍ പ്രസിഡന്റായി തുടര്‍ച്ചയായ മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ട നിക്കോളാസ് മധുറോ സത്യപ്രതിജ്ഞ ചെയ്തു. ജൂലൈയില്‍ നടന്ന തിരഞ്ഞെടുപ്പ് സര്‍ക്കാര്‍ അട്ടിമറിച്ചെന്ന് ആരോപിച്ച് യുഎസ് പിന്തുണയുള്ള പ്രതിപക്ഷം നടത്തിയ നിയമനടപടികള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് മധുറോ സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ മധുറോയോട് പരാജയപ്പെട്ട എഡ്മണ്ടോ ഗോണ്‍സാലസ് ആണ് വെനുസ്വേലയുടെ യഥാര്‍ത്ഥ പ്രസിഡന്റെന്നാണ് യുഎസിന്റെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും വാദം.
തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് എഡ്മണ്ടോ ഗോണ്‍സാലെസ് സ്‌പെയിനിലേക്ക് താമസം മാറ്റിയിരുന്നു. ഇയാളുടെ വലംകൈയ്യായ മരിയ കൊരീന മച്ചാഡോ ഇപ്പോള്‍ ഒളിവിലാണ്. എഡ്മണ്ടോ ഗോണ്‍സാലെസ് ഉചിതമായ സമയത്ത് വെനുസ്വേലയില്‍ എത്തി പ്രസിഡന്റായി ചുമതലയേല്‍ക്കുമെന്ന് ഒളിവിലിരുന്ന് മരിയ പ്രസ്താവനയും ഇറക്കിയിട്ടുണ്ട്. എന്നാല്‍, യുഎസ് അധിനിവേശത്തിന്റെ വക്താവായ എഡ്മണ്ടോ തിരിച്ചുവരുകയാണെങ്കില്‍ പിടികൂടുമെന്ന് മധുറോ സര്‍ക്കാരും പ്രഖ്യാപിച്ചു. ഇയാളെ അറസ്റ്റ് ചെയ്യാന്‍ സഹായിക്കുന്നവര്‍ക്ക് 86 ലക്ഷം രൂപ ഇനാമും പ്രഖ്യാപിച്ചു.
അതേസമയം, മധുറോയെ അറസ്റ്റ് ചെയ്യാന്‍ സഹായിക്കുന്നവര്‍ക്ക് നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്ന ഇനാം യുഎസ് ഭരണകൂടം വര്‍ധിപ്പിച്ചു. മധുറോയെ അറസ്റ്റ് ചെയ്യാന്‍ സഹായിക്കുന്നവര്‍ക്ക് 215 കോടി രൂപ നല്‍കുമെന്നാണ് ബൈഡന്‍ ഭരണകൂടത്തിന്റെ പുതിയ ഉത്തരവ് പറയുന്നത്. നേരത്തെ ഇത് 129 കോടിയായിരുന്നു. വെനുസ്വേലയുടെ ആഭ്യന്തരമന്ത്രി ദിയോസ്ദാദോയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 215 കോടിയും പ്രതിരോധമന്ത്രി വഌദിമിര്‍ പദ്രീനോയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 129 കോടിയും യുഎസ് ഇനാം പ്രഖ്യാപിച്ചു.
വെനുസ്വേലന്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ള എണ്ണക്കമ്പനിയുടെ മേധാവിയടക്കം എട്ടു പേരെയും അറസ്റ്റ് ചെയ്യാന്‍ യുഎസ് ആഗ്രഹിക്കുന്നുണ്ട്. യുഎസിലേക്ക് ലഹരിവസ്തുക്കള്‍ കടത്തി, അഴിമതി നടത്തി തുടങ്ങിയ ആരോപണങ്ങളാണ് യുഎസ് ഇവര്‍ക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. ഈ ആരോപണങ്ങളെല്ലാം പണ്ടേ വെനുസ്വേലന്‍ സര്‍ക്കാര്‍ തള്ളിയിരുന്നു. വെനുസ്വേലക്കെതിരെ പ്രതികാരനടപടി സ്വീകരിക്കാന്‍ പോലും അറിയാത്ത സര്‍ക്കാരാണ് യുഎസിലേതെന്ന് നിക്കോളാസ് മധുറോ സത്യപ്രതിജ്ഞാ ചടങ്ങില്‍ പറഞ്ഞു. 125 രാജ്യങ്ങളില്‍ നിന്നുള്ള 2000 പ്രതിനിധികളാണ് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തത്. എന്നാല്‍, ഈ സത്യപ്രതിജ്ഞാ ചടങ്ങ് നിയമവിരുദ്ധമാണെന്ന് യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കന്‍ പറഞ്ഞു.
ബസ് ഡ്രൈവറായിരുന്ന മധുറോ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. 2000ല്‍ ദേശീയ അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വെനുസ്വേലന്‍ പ്രസിഡന്റും കടുത്ത യുഎസ് വിരുദ്ധനുമായിരുന്ന ഹ്യൂഗോ ഷാവേസ് മധുറോയെ നിരവധി പദവികളില്‍ നിയമിച്ചു. ഷാവേസിന് കീഴില്‍ രണ്ടുതവണ വൈസ് പ്രസിഡന്റുമായി. 2013ല്‍ ഷാവേസ് മരിച്ചപ്പോള്‍ പ്രസിഡന്റായി ചുമതലയേറ്റു.മധുറോയെ വീണ്ടും ഡ്രൈവറാക്കൂ എന്ന പേരിലും പ്രതിപക്ഷം കാംപയിന്‍ നടത്തിയിരുന്നു.