''കുട്ടികളില്ലാത്ത സ്ത്രീകളെ ഗര്‍ഭിണികളാക്കൂ, പണക്കാരനാവൂ''; നിരവധി യുവാക്കളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഘം പിടിയില്‍
ഒരു സ്ത്രീയെ ഗര്‍ഭിണിയാക്കിയാല്‍ പത്തുലക്ഷം രൂപ വരെ ലഭിക്കുമെന്നാണ് ഇവര്‍ യുവാക്കളോട് പറഞ്ഞിരുന്നത്.
പറ്റ്‌ന: കുട്ടികളില്ലാത്ത സ്ത്രീകളെ ഗര്‍ഭിണികളാക്കാന്‍ സഹായിച്ച് പണക്കാരനാവൂ എന്ന് പ്രചാരണം നടത്തി നിരവധി യുവാക്കളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയ സംഘം പിടിയില്‍. പ്രിന്‍സ് രാജ്, ഭോലാ കുമാര്‍, രാഹുല്‍ കുമാര്‍ എന്നിവരാണ് ബിഹാറില്‍ നിന്ന് അറസ്റ്റിലായിരിക്കുന്നത്. ''ആള്‍ ഇന്ത്യ പ്രെഗ്‌നന്റ് ജോബ് സര്‍വീസ്'' എന്ന പേരിലാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്. ഒരു സ്ത്രീയെ ഗര്‍ഭിണിയാക്കിയാല്‍ പത്തുലക്ഷം രൂപ വരെ ലഭിക്കുമെന്നാണ് ഇവര്‍ യുവാക്കളോട് പറഞ്ഞിരുന്നത്. ഇനി സ്ത്രീ ഗര്‍ഭിണിയായില്ലെങ്കില്‍ പോലും ശ്രമം നടത്തിയതിന് അരലക്ഷം മുതല്‍ അഞ്ചുലക്ഷം രൂപ വരെ വാഗ്ദാനവും ചെയ്തു.
കേസില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തതായി ഡെപ്യൂട്ടി സൂപ്രണ്ട് ഇമ്‌റാന്‍ പര്‍വേസ് പറഞ്ഞു. '' ആള്‍ ഇന്ത്യ പ്രഗ്‌നന്റ് ജോബ് സര്‍വീസ് എന്ന പേരിലാണ് ഇവര്‍ പ്ലേ ബോയ് സര്‍വീസ് നടത്തിയിരുന്നത്. ഫേസ്ബുക്കിലാണ് ഇവര്‍ പരസ്യം നല്‍കിയിരുന്നത്. ഇതിന് ശേഷം നിരവധി പേരാണ് ഇവരെ ഫോണിലും ചാറ്റിലും മറ്റുമായി ബന്ധപ്പെട്ടത്. രജിസ്‌ട്രേഷന്റെ ഭാഗമായി പാന്‍ കാര്‍ഡും ആധാര്‍കാര്‍ഡും സെല്‍ഫിയും ഇരകളോട് ക്രിമിനലുകള്‍ ആവശ്യപ്പെട്ടു. ഈ രേഖകള്‍ ദുരുപയോഗം ചെയ്യുന്നതിന് പുറമേ ഇത്തരം സര്‍വീസില്‍ ചേര്‍ന്നതിന്റെ വിവരം പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം വാങ്ങുകയും ചെയ്യും.''-ഇമ്‌റാന്‍ പര്‍വേസ് വിശദീകരിച്ചു.
പ്രതികളില്‍ നിന്ന് ആറു മൊബൈല്‍ ഫോണുകള്‍ പോലിസ് പിടിച്ചെടുത്തിട്ടുണ്ട്. സര്‍വീസില്‍ രജിസ്റ്റര്‍ ചെയ്ത നിരവധി യുവാക്കളുടെ ഫോട്ടോകളും ആധാര്‍കാര്‍ഡുകളുടെയും പാന്‍കാര്‍ഡുകളുടെയും പകര്‍പ്പുകളും ഈ ഫോണുകളിലുണ്ട്. കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും അവരെ പിടിക്കാന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പോലിസ് അറിയിച്ചു. ഇരകളായ യുവാക്കള്‍ക്ക് പണം തിരികെ നല്‍കാന്‍ നടപടി സ്വീകരിക്കും. എളുപ്പത്തില്‍ പണമുണ്ടാക്കാമെന്നു പറഞ്ഞുവരുന്ന ഒരു പരസ്യങ്ങളെയും വിശ്വസിക്കരുതെന്ന് ഇമ്‌റാന്‍ പര്‍വേസ് മുന്നറിയിപ്പ് നല്‍കി.