പത്തനംതിട്ട പീഡനം: മൂന്നു കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു; നാലു കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്യുമെന്ന് പോലിസ്
പത്തനംതിട്ട: കായികതാരമായ ദലിത് പെണ്‍കുട്ടിയെ നിരവധി പേര്‍ പീഡിപ്പിച്ച സംഭവത്തില്‍ മൂന്നു കേസുകള്‍ കൂടി പോലിസ് രജിസ്റ്റര്‍ ചെയ്തു. കൂട്ടബലാല്‍സംഗം ഉള്‍പ്പെടുന്ന ഒരു കേസും കാറില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് രണ്ടുകേസുകളുമാണ് ഇലവന്തിട്ട പോലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജില്ലയിലെ മറ്റു സ്‌റ്റേഷനുകളില്‍ നാലു കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്യാനാണ് പോലിസ് തീരുമാനിച്ചിരിക്കുന്നത്.
പോലിസ് അന്വേഷണം ത്വരിതപ്പെടുത്തിയിട്ടുണ്ടെന്നും അടുത്ത ദിവസങ്ങളില്‍ തന്നെ പ്രതികളെയെല്ലാം കസ്റ്റഡിയിലെടുക്കാനാവും എന്നാണ് പ്രതീക്ഷയെന്നും പോലീസിനെ ഉദ്ധരിച്ച് ശിശുക്ഷേമ സമിതി ചെയര്‍മാന്‍ അഡ്വ.രാജീവ് മാധ്യമങ്ങളോട് പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്യുന്ന മുറയ്ക്കും അറസ്റ്റുകള്‍ നടക്കുന്ന മുറയ്ക്കും റിപോര്‍ട്ടുകള്‍ അപ്പപ്പോള്‍ സിഡബ്ല്യുസിക്ക് കൈമാറണം എന്നാണ് നിയമം. ഇപ്പോള്‍ത്തന്നെ നിരവധി റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ട്. അടുത്ത രണ്ടുമൂന്ന് ദിവസങ്ങളില്‍ തന്നെ പൂര്‍ണമായോ അല്ലെങ്കില്‍ ബഹുഭൂരിപക്ഷം റിപോര്‍ട്ടുകളോ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.