യുവതിയുടെ ഏഴു മാസം പഴക്കമുള്ള മൃതദേഹം ഫ്രിഡ്ജില്‍; ലിവ് ഇന്‍ പാര്‍ട്ണര്‍ അറസ്റ്റില്‍
ഭോപ്പാല്‍: വിവാഹേതര ജീവിതപങ്കാളിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ച യുവാവ് അറസ്റ്റില്‍. മധ്യപ്രദേശിലെ ഉജ്ജയ്ന്‍ സ്വദേശിനിയായ പിങ്കി പ്രജാപതിയാണ് കൊല്ലപ്പെട്ടതെന്നും ആണ്‍ സുഹൃത്ത് സഞ്ജയ് പാട്ടീദാറാണ് അറസ്റ്റിലായിരിക്കുന്നതെന്നും പോലിസ് അറിയിച്ചു.വിവാഹിതനായ സഞ്ജയും അവിവാഹിതയായ പിങ്കിയും ഭോപ്പാലിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. 2023 ജൂണില്‍ ഇരുവരും ചേര്‍ന്ന് വാടകയ്‌ക്കെടുത്ത വീട്ടിലായിരുന്നു താമസം. 2024 ജൂണില്‍ സഞ്ജയ് പാട്ടീദാര്‍ വീട് ഒഴിഞ്ഞു. പിതാവിന് ഹൃദയസംബന്ധിയായ അസുഖമുള്ളതിനാല്‍ തലേന്ന് രാത്രി പിങ്കി സ്വന്തം വീട്ടില്‍ പോയെന്നാണ് സഞ്ജയ് പറഞ്ഞത്. വീട്ടിലെ ഒരു മുറിയില്‍ തന്റെ സാധനങ്ങള്‍ സൂക്ഷിക്കാന്‍ അനുവദിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. ഇത് ഉടമ സമ്മതിച്ചു.
തുടര്‍ന്ന് വീട്ടില്‍ മറ്റു ചിലര്‍ വാടകയ്ക്ക് താമസമാക്കി. പൂട്ടിയിട്ടിരിക്കുന്ന മുറി കാണിക്കണമെന്ന് കഴിഞ്ഞ ചൊവ്വാഴ്ച്ച പുതിയ വാടകക്കാര്‍ ഉടമയോട് അഭ്യര്‍ത്ഥിച്ചു. ഉടമ വന്ന് മുറി തുറന്നു കാണിച്ചു. മുറിയില്‍ സഞ്ജയിന്റെ സാധനങ്ങള്‍ കണ്ട വാടകക്കാര്‍ മുറി ഉപയോഗിക്കാമെന്ന ആഗ്രഹം ഒഴിവാക്കി. മുറി പൂട്ടിപോവുന്നതിനൊപ്പം അവിടേക്കുള്ള വൈദ്യുതി ബന്ധവും വിഛേദിച്ചാണ് ഉടമ പോയത്. വെള്ളിയാഴ്ചയോടെ മുറിയില്‍ നിന്നും ദുര്‍ഗന്ധം വന്നതോടെ വാടകക്കാരും അയല്‍ക്കാരും വീട്ടുടമയെ ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് ഉടമ വന്ന് മുറി തുറന്നു പരിശോധിച്ചു. ഫ്രിഡ്ജ് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. സാരിയുടുത്ത നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന്റെ രണ്ടു കൈകളും കൂട്ടിക്കെട്ടിയിരുന്നു. കഴുത്തില്‍ ഒരു കുടുക്കുമുണ്ടായിരുന്നു. ആഭരണങ്ങളെല്ലാം ശരീരത്തിലുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സഞ്ജയ് അറസ്റ്റിലായത്.
2024 ജൂണിലാണ് കൊല നടന്നിരിക്കുന്നതെന്ന് ഡിവൈഎസ്പി അറിയിച്ചു. മുറിയിലേക്കുള്ള വൈദ്യുതി ബന്ധം ഉടമ വിഛേദിച്ചപ്പോള്‍ ഫ്രിഡ്ജ് ഓഫായതാണ് മൃതദേഹം അളിയാനും ദുര്‍ഗന്ധമുണ്ടാവാനും കാരണമായത്. സഞ്ജയും സുഹൃത്തും കൂടിയാണ് കൊലനടത്തിയതെന്നും ഡിവൈഎസ്പി അറിയിച്ചു. സുഹൃത്തിനായുള്ള അന്വേഷണം പോലിസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. വിവാഹം കഴിക്കാതെ ബന്ധം തുടരാമെന്ന് ആദ്യം പറഞ്ഞ പിങ്കി പിന്നീട് വിവാഹത്തിന് നിര്‍ബന്ധിച്ചതാണ് കൊലയ്ക്ക് കാരണമെന്നാണ് സഞ്ജയിന്റെ മൊഴി പറയുന്നത്.