പെരുമാറ്റച്ചട്ട ലംഘനം: അസംഖാനും മനേകാ ഗാന്ധിക്കും തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്

ചൊവ്വാഴ്ച രാവിലെ 10 മണി മുതല്‍ മൂന്നുദിവസത്തേക്ക് പ്രചാരണം നടത്തുന്നതില്‍നിന്നാണ് അസംഖാനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയത്.

Update: 2019-04-15 16:52 GMT

ന്യൂഡല്‍ഹി: വിദ്വേഷപ്രസംഗത്തിന്റെ പേരില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബിഎസ്പി അധ്യക്ഷ മായാവതിക്കും വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ മനേകാ ഗാന്ധിക്കും എസ്പി നേതാവ് അസംഖാനുമെതിരേയും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ചൊവ്വാഴ്ച രാവിലെ 10 മണി മുതല്‍ മൂന്നുദിവസത്തേക്ക് പ്രചാരണം നടത്തുന്നതില്‍നിന്നാണ് അസംഖാനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയത്. ബിജെപി ടിക്കറ്റില്‍ മല്‍സരിക്കുന്ന എതിര്‍സ്ഥാനാര്‍ഥിയും നടിയുമായ ജയപ്രദയ്‌ക്കെതിരേ വിവാദപരാമര്‍ശം നടത്തിയതിന്റെ പേരിലാണ് അസംഖാനെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തത്.

രാംപൂരില്‍ പ്രചാരണം നടത്തുന്നതിനിടെയാണ് ജയപ്രദയ്‌ക്കെതിരേ അസംഖാന്‍ പരാമര്‍ശം നടത്തിയത്. ചൊവ്വാഴ്ച രാവിലെ 10 മുതല്‍ അടുത്ത രണ്ടുദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കരുതെന്നാണ് മനേകയോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്. സുല്‍ത്താന്‍പൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയ്ക്കിടെ തനിക്ക് വോട്ടുചെയ്തില്ലെങ്കില്‍ ആവശ്യങ്ങള്‍ പരിഗണിക്കില്ലെന്ന് മുസ്‌ലിം സമുദായാംഗങ്ങളോടു പറഞ്ഞതാണ് മനേകയ്‌ക്കെതിരായ നടപടിക്ക് കാരണമായത്.

Tags:    

Similar News