ജോസഫ് വിഭാഗത്തിന് തിരിച്ചടി; രണ്ടില ചിഹ്‌നം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു

ജോസഫ് വിഭാഗം രണ്ടില ചിഹ്‌നം ദുരുപയോഗം ചെയ്യുന്നുവെന്ന് കാണിച്ചായിരുന്നു ജോസ് കെ മാണി വിഭാഗം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നത്.

Update: 2020-01-13 13:17 GMT

ന്യൂഡല്‍ഹി: കേരള കോണ്‍ഗ്രസി (എം) ന്റെ രണ്ടില ചിഹ്‌നവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ പി ജെ ജോസഫ് വിഭാഗത്തിന് തിരിച്ചടി. ജനുവരി 20 വരെ രണ്ടില ചിഹ്‌നം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു. അതുവരെ ജോസഫ് വിഭാഗത്തിന് ചിഹ്‌നം ഉപയോഗിക്കാന്‍ സാധിക്കില്ല. ജോസ് കെ മാണി വിഭാഗത്തിന്റെ പരാതിയില്‍ പ്രാഥമികവാദം കേട്ട ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ജോസഫ് വിഭാഗം രണ്ടില ചിഹ്‌നം ദുരുപയോഗം ചെയ്യുന്നുവെന്ന് കാണിച്ചായിരുന്നു ജോസ് കെ മാണി വിഭാഗം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നത്. ജനുവരി 20ന് പരാതിയില്‍ വിശദമായ വാദം കേട്ട ശേഷം രണ്ടില ചിഹ്‌നത്തിന്റെ കാര്യത്തില്‍ കമ്മീഷന്‍ അന്തിമതീരുമാനം അറിയിക്കും. കുട്ടനാട് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രണ്ടില ചിഹ്‌നത്തില്‍ വീണ്ടും അനിശ്ചിതത്വം ഉടലെടുത്തിരിക്കുന്നത്.

പാലാ ഉപതിരഞ്ഞെടുപ്പിലും കേരള കോണ്‍ഗ്രസിന്റെ രണ്ടില ചിഹ്‌നം ജോസ് കെ മാണി- ജോസഫ് വിഭാഗങ്ങള്‍ തമ്മില്‍ രൂക്ഷമായ തര്‍ക്കം ഉടലെടുത്തിരുന്നു. ജോസഫ് വിഭാഗത്തിനാണ് രണ്ടില ഉപയോഗിക്കാന്‍ അധികാരമുള്ളതെന്ന് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജോസ് കെ മാണി വിഭാഗത്തിന്റെ ആവശ്യം നിരസിച്ചിരുന്നു. തുടര്‍ന്ന് ഈ ആവശ്യമുന്നയിച്ച് ജോസ് കെ മാണി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ വീണ്ടും സമീപിക്കുകയായിരുന്നു. ചിഹ്‌നത്തിന് പുറമെ ചെയര്‍മാന്‍ സ്ഥാനം, പാര്‍ട്ടിയിലെ അധികാരം തുടങ്ങിയ കാര്യങ്ങളില്‍ ജോസ് കെ മാണി- ജോസഫ് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് ചിഹ്‌നത്തിന്റെ കാര്യത്തില്‍ ജോസഫ് വിഭാഗത്തിന് കമ്മീഷനില്‍നിന്ന് തിരിച്ചടിയുണ്ടായിരിക്കുന്നത്. നേരത്തെ കോട്ടയം അകലക്കുന്നം ഗ്രാമപ്പഞ്ചായത്തിലെ പൂവത്തിളപ്പ് വാര്‍ഡ് ഉപതിരഞ്ഞെടുപ്പിലും ജോസഫ് വിഭാഗത്തിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ രണ്ടില ചിഹ്‌നം അനുവദിച്ചിരുന്നു. 

Tags:    

Similar News