പ്രജ്ഞാ സിങ് താക്കൂറിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ്
മുംബൈ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹേമന്ത് കര്‍ക്കരെയുടെ മരണം കര്‍മഫലമാണെന്നും കര്‍ക്കരയുടെ കുടുംബം തന്നെ നശിക്കുമെന്ന് താന്‍ ശപിച്ചിരുന്നുവെന്നുമായിരുന്നു പ്രജ്ഞാസിങിന്റെ പ്രസ്താവന. തന്റെ ശാപത്തിനു ശേഷം ദിവസങ്ങള്‍ക്കകം കര്‍ക്കരെ കൊല്ലപ്പെട്ടെന്നും പ്രജ്ഞാസിങ് പറഞ്ഞിരുന്നു
ഭോപ്പാല്‍: മുംബൈ ആക്രമണത്തില്‍ മരിച്ച, മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തലവനായിരുന്ന ഹേമന്ത് കര്‍ക്കരെക്കെതിരേ മോശം പരാമര്‍ശം നടത്തിയ പ്രജ്ഞാ സിങ് താക്കൂറിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ്. ഭോപ്പാല്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയും മലേഗാവ് സ്‌ഫോടന കേസിലെ പ്രതിയുമായ പ്രജ്ഞാ സിങ് താക്കൂറിനാണ് കമ്മീഷന്‍ നോട്ടീസ് അയച്ചത്. അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ നടപടി. 24 മണിക്കൂറിനകം പ്രജ്ഞാ സിങ് വിശദീകരണം നല്‍കണമെന്ന് കമ്മീഷന്‍ നോട്ടിസില്‍ ആവശ്യപ്പെടുന്നു. ഹേമന്ത് കര്‍ക്കരെ കൊല്ലപ്പെട്ടത് കര്‍മഫലമാണെന്നും കര്‍ക്കരയുടെ കുടുംബം തന്നെ നശിക്കുമെന്ന് താന്‍ ശപിച്ചിരുന്നുവെന്നുമായിരുന്നു പ്രജ്ഞാസിങിന്റെ പ്രസ്താവന. തന്റെ ശാപത്തിനു ശേഷം ദിവസങ്ങള്‍ക്കകം കര്‍ക്കരെ കൊല്ലപ്പെട്ടെന്നും പ്രജ്ഞാസിങ് പറഞ്ഞിരുന്നു. ആറുപേര്‍ കൊല്ലപ്പെടുകയും നൂറുലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത 2008 സപ്തംബര്‍ 29ലെ മലേഗാവ് സ്‌ഫോടനത്തിനു പിന്നില്‍ ഹിന്ദുത്വരാണെന്നു കണ്ടെത്തിയത് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്(എടിഎസ്) തലവനായിരുന്ന ഹേമന്ത് കര്‍ക്കരെയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലായിരുന്നു. മാത്രമല്ല, സ്‌ഫോടനം നടത്താന്‍ ഉപയോഗിച്ച മോട്ടോര്‍ സൈക്കിള്‍ സാധ്വി പ്രജ്ഞാസിങ് താക്കൂറിന്റേതാണെന്നു കണ്ടെത്തുകയും പ്രജ്ഞാസിങിനെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. കേസന്വേഷണം തുടങ്ങി ഒന്നരമാസത്തിനു ശേഷം 2008 നവംബര്‍ 11നു നടന്ന മുംബൈ ആക്രമണത്തിനിടെയാണ് മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് തലവനായിരുന്ന ഹേമന്ത് കര്‍ക്കറെ കൊല്ലപ്പെട്ടത്.