തിരഞ്ഞെടുപ്പ് കമ്മീഷനെ മോദിയുടെ ചൊല്‍പ്പടിക്ക് നിര്‍ത്തുന്നു: മുല്ലപ്പള്ളി രാമചന്ദ്രന്‍

രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ മോദി സര്‍ക്കാര്‍ അസ്ഥിരപ്പെടുത്തുകയാണെന്നും മുല്ലപ്പള്ളി ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ നരേന്ദ്രമോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ കമ്മീഷന്റെ നടപടി അംഗീകരിക്കാനാവില്ല.

Update: 2019-05-02 07:14 GMT

ന്യൂഡല്‍ഹി: കേന്ദ്ര തിരഞ്ഞടുപ്പ് കമ്മീഷനെ നരേന്ദ്രമോദിയുടെ ചൊല്‍പ്പടിക്ക് നിര്‍ത്തുകയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ മോദി സര്‍ക്കാര്‍ അസ്ഥിരപ്പെടുത്തുകയാണെന്നും മുല്ലപ്പള്ളി ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ നരേന്ദ്രമോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ കമ്മീഷന്റെ നടപടി അംഗീകരിക്കാനാവില്ല.

കോഡ് ഓഫ് കോണ്‍ടാക്ട് അല്ല, കോഡ് ഓഫ് നരേന്ദ്രമോദിയാണ് ഇന്ത്യയില്‍ നടക്കുന്നത്. ഏകാധിപത്യപരമായി ഒരു സ്ഥാപനം മുന്നോട്ടുപോവാന്‍ പ്രധാനമന്ത്രി പ്രേരിപ്പിക്കരുത്. രാഹുല്‍ ഗാന്ധി നടത്തുന്ന പ്രസംഗം ആപല്‍ക്കരമെന്നും മോദിയും അമിത് ഷായും എന്തുനടത്തിയാലും നടപടിയില്ലെന്നുമുള്ള നിലപാട് അംഗീകരിക്കില്ല. കമ്മീഷന്റെ നടപടിയില്‍ ആരും നിയമത്തിന് അതീതരല്ല. കമ്മീഷന്‍ നിലപാടിനെ കോണ്‍ഗ്രസ് ശക്തമായി പ്രതിരോധിക്കും. തിരഞ്ഞെടുപ്പ് അട്ടിമറി ആരുടെ ഭാഗത്തുനിന്നുണ്ടായാലും അംഗീകരിക്കാനാവില്ല. ഇക്കാര്യത്തില്‍ ശക്തമായ നടപടി വേണമെന്നതാണ് കോണ്‍ഗ്രസിന്റെ നിലപാട്. കള്ളവോട്ട് സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശക്തമായ നടപടി സ്വീകരിക്കണം. ആദ്യം സിപിഎം അന്വേഷണത്തിന് തയ്യാറായി അവരുടെ കൈകള്‍ ശുദ്ധമാണെന്ന് ആദ്യം തെളിയിക്കട്ടെ.

കള്ളവോട്ട് ആരോപണത്തില്‍ മുഖ്യമന്ത്രിയുടെ മൗനം അദ്ദേഹത്തിന്റെ അറിവോടെയാണെന്നത് ശരിവയ്ക്കുകയാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ കള്ളവോട്ട് ആരോപണം തെളിയിച്ചാല്‍ സംഘടനാപരമായ നടപടിയെടുക്കും. യുപിഎ സര്‍ക്കാര്‍ ഭീകരവാദികള്‍ക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുത്തിട്ടുണ്ട്. മസ്ഊദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് യുപിഎ സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തരന്ത്രാലയം സ്വീകരിച്ച കാര്യങ്ങളെക്കുറിച്ച് വെളിപ്പെടുത്താനാവില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. 

Tags:    

Similar News