ഇവിഎം അട്ടിമറി; മഹാരാഷ്ട്രയില്‍ സത്യപ്രതിജ്ഞ ചെയ്യാതെ പ്രതിപക്ഷ എംഎല്‍എമാര്‍
മുംബൈ: ഇവിഎം അട്ടിമറിയിലൂടെയാണ് ദേവേന്ദ്രഫ്ഡ്നാവിസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ പ്രതിപക്ഷ എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തില്ല. ജനാധിപത്യം അട്ടിമറിച്ചുവെന്നരോപിച്ച് പ്രതിഷേധം തുടരുമെന്ന് കോണ്‍ഗ്രസ്, ശിവസേന ഉദ്ദവ് വിഭാഗം, എന്‍സിപി ശരദ് പവാര്‍ വിഭാഗം നേതാക്കള്‍ പറഞ്ഞു. അതേസമയം ഭരണപക്ഷ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ പൂര്‍ത്തിയായി.
സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നും വിട്ടുനിന്ന പ്രതിപക്ഷ എംഎല്‍എമാര്‍ ശിവാജി പ്രതിമയുടെ മുന്നില്‍ ആദരവ് അര്‍പ്പിച്ച് മടങ്ങി. തങ്ങള്‍ സത്യപ്രതിജ്ഞയ്ക്ക് എതിരല്ലെന്നും ഇന്ന് സത്യപ്രതിജ്ഞ ചെയ്യില്ലെന്നും പ്രതിപക്ഷ എംഎല്‍എമാര്‍ പറഞ്ഞു. ഇവിഎം തിരിമറി നടത്തിയതിലൂടെയാണ് മഹാരാഷ്ട്രയില്‍ ബിജെപി സഖ്യസര്‍ക്കാര്‍ അധികാരത്തിലെത്തിയതെന്ന് പ്രതിപക്ഷ നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. വന്‍ വിജയം നേടിയിട്ടിട്ടും അവരുടെ ക്യാംപില്‍ സന്തോഷമില്ല. അവര്‍ ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്നും സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ നിലപാടിനെതിരെയാണ് പ്രതിഷേധമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
ഇവിഎമ്മുകളില്‍ ഞങ്ങള്‍ക്ക് സംശയമുണ്ടെന്ന് ആദിത്യ താക്കറെ പറഞ്ഞു. 'ഈ സര്‍ക്കാരിന് വലിയ ഭൂരിപക്ഷമുണ്ട്, പക്ഷേ ജനങ്ങളുടെ പിന്തുണയില്ല. ഇതാണ് ഇവിഎമ്മുകളുടെ രസതന്ത്രം. ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനാണ് ഞങ്ങള്‍ സമാധാനപരമായി പ്രതിഷേധിക്കുന്നത്. സത്യപ്രതിജ്ഞയ്ക്ക് ഞങ്ങള്‍ എതിരല്ല, മറിച്ച് നിലവിലെ ഭരണകൂടം അധികാരത്തില്‍ വന്ന രീതിയെ എതിര്‍ക്കുന്നു,' ആദിത്യ പറഞ്ഞു. 'ഇവിഎമ്മുകളില്‍ കൃത്രിമം കാണിച്ച് അവര്‍ (മഹായുതി) തിരഞ്ഞെടുപ്പില്‍ വിജയിച്ചതിനാല്‍ ഞങ്ങള്‍ ഇന്ന് സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്,' അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിലുള്ള മഹായുതി സര്‍ക്കാര്‍ അധികാരമേറ്റത്. മുന്‍ മുഖ്യമന്ത്രിയും ശിവസേന നേതാവ് ഏക്നാഥ് ഷിന്‍ഡെ, എന്‍സിപി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിമാരായും അധികാരമേറ്റു. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പടെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തി.