വാക്‌സിന്‍ സംയോജനം പരീക്ഷിക്കുന്നു; വെല്ലൂര്‍ മെഡിക്കല്‍ കോളജിന് പഠനാനുമതി നല്‍കാന്‍ വിദഗ്ധസമിതി ശുപാര്‍ശ

Update: 2021-07-30 03:18 GMT

ന്യൂഡല്‍ഹി: കൊവിഡിനെതിരായ പ്രതിരോധ വാക്‌സിനുകളായ കൊവാക്‌സിനും കൊവിഷീല്‍ഡും സംയോജിപ്പിച്ച് കൂടുതല്‍ പ്രതിരോധ ശേഷി സൃഷ്ടിക്കാനാവുമോയെന്ന് പരീക്ഷിക്കുന്നു. മിശ്രിത ഡോസുകളെക്കുറിച്ച് പഠനം നടത്താന്‍ സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (സിഡിഎസ്‌കോ) വിദഗ്ധസമിതിയാണ് ശുപാര്‍ശ ചെയ്തത്. കുട്ടികളില്‍ ബയോളജിക്കല്‍ ഇ ലിമിറ്റഡിന്റെ വാക്‌സിന്‍ ക്ലിനിക്കല്‍ ട്രയല്‍ നടത്താനും സമിതി ശുപാര്‍ശ നല്‍കിയിട്ടുണ്ട്. കൊവാക്‌സിന്‍, കൊവിഷീല്‍ഡ് സംയുക്തം സംബന്ധിച്ച് പഠനം നടത്താന്‍ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് (സിഎംസി) ആണ് അപേക്ഷ സമര്‍പ്പിച്ചത്.

പരിശോധനയ്ക്കുശേഷം പഠനാനുമതിക്ക് വിദഗ്ധസമിതി ശുപാര്‍ശ നല്‍കി. ഒരാള്‍ക്ക് രണ്ട് വ്യത്യസ്ത വാക്‌സിനുകള്‍ നല്‍കാനാവുമോയെന്നാണ് പരിശോധിക്കുന്നത്. ഇത്തരത്തില്‍ നല്‍കിയാല്‍ പ്രതിരോധ ശേഷി വര്‍ധിക്കുമോയെന്നാണ് പരീക്ഷണം നടത്തുന്നത്. വാക്‌സിനുകള്‍ സംയോജിപ്പിച്ചുള്ള ഇന്ത്യയിലെ ആദ്യ പരീക്ഷണമാണ് നടക്കുന്നത്. പല രാജ്യങ്ങളും വാക്‌സിനുകള്‍ സംയോജിപ്പിച്ചുള്ള പരിശോധന നടത്തിയിരുന്നു.

കൊവാക്‌സിന്‍, കൊവിഷീല്‍ഡ് എന്നിവയുടെ ഡോസുകള്‍ സംയോജിപ്പിക്കുന്നതിനുള്ള നാലാംഘട്ടം പരീക്ഷണങ്ങള്‍ ഉടന്‍തന്നെ ആരോഗ്യമുള്ള 300 വളണ്ടിയര്‍മാരില്‍ ഉടന്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. കുത്തിവയ്പ്പ് കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ ഒരാള്‍ക്ക് കൊവിഷീല്‍ഡിന്റെയും കൊവാക്‌സിന്റെയും രണ്ട് വ്യത്യസ്ത വാക്‌സിന്‍ ഷോട്ടുകള്‍ നല്‍കാനാകുമോ എന്നാണ് പഠനത്തിന് പിന്നിലെ ഉദ്ദേശമെന്ന് അവര്‍ വിശദീകരിച്ചു. ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ വിവരങ്ങള്‍ സിഡിഎസ്‌കോയ്ക്ക് സമര്‍പ്പിക്കണമെന്ന് വിദഗ്ധസമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.

Tags:    

Similar News