ശ്വാസകോശ രോഗലക്ഷണങ്ങളുള്ളവര്‍ കൊവിഡ് പരിശോധനക്ക് വിധേയരാവണമെന്ന് ആരോഗ്യവകുപ്പ്

കൊവിഡ് ബാധിക്കുന്നവരില്‍ ചിലര്‍ക്ക് രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറയുകയും തുടര്‍ന്ന് പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ടല്‍ പ്രായഭേദമെന്യെ മരണത്തിന് കാരണമാവുകയും ചെയ്‌തേക്കാം.

Update: 2021-03-30 16:19 GMT

കോട്ടയം: പനി, ചുമ, ജലദോഷം, തൊണ്ടവേദന, മണവും രുചിയും നഷ്ടപ്പെടല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവരും കൊവിഡ് രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും നിര്‍ബന്ധമായും കോവിഡ് പരിശോധനക്ക് വിധേയരാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജേക്കബ് വര്‍ഗീസ് അറിയിച്ചു. കൊവിഡ് ബാധിക്കുന്നവരില്‍ ചിലര്‍ക്ക് രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറയുകയും തുടര്‍ന്ന് പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ടല്‍ പ്രായഭേദമെന്യെ മരണത്തിന് കാരണമാവുകയും ചെയ്‌തേക്കാം.

പരിശോധന നടത്താനും ജാഗ്രത പാലിക്കാനും തയ്യാറാവാത്ത രോഗികള്‍ തങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്ക് രോഗം പകരാനും സമൂഹവ്യാപനത്തിനും വഴിതെളിക്കും. കൃത്യസമയത്ത് പരിശോധന നടത്തിയാല്‍ ആവശ്യമെങ്കില്‍ വിദഗ്ധചികില്‍സ ലഭ്യമാക്കാനും ജീവന്‍ രക്ഷിക്കാനും സാധിക്കും. എല്ലാ പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലും ആര്‍ടിപിസിആര്‍ പരിശോധന സൗജന്യമായി നടത്താനാകും. സ്വകാര്യലാബുകളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ പരിശോധന നടത്താം.

രോഗലക്ഷണങ്ങളുള്ളവര്‍ യാതൊരു കാരണവശാലും പൊതുവാഹനങ്ങളില്‍ സഞ്ചരിക്കുകയോ പൊതുസ്ഥലങ്ങളില്‍ സന്ദര്‍ശിക്കുകയോ ചടങ്ങുകളിലും തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലും പങ്കെടുക്കുകയോ ചെയ്യരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ നിര്‍ദേശിച്ചു.

Tags:    

Similar News