സുശാന്തിന്റെ മരണം: സിബിഐ അന്വേഷണത്തിന് ബിഹാര്‍ സര്‍ക്കാരിന്റെ ശുപാര്‍ശ
സുശാന്തിന്റെ പിതാവ് കെ കെ സിങ് സമര്‍പ്പിച്ച കേസില്‍ സിബിഐ അന്വേഷണത്തിനു ബിഹാര്‍ സര്‍ക്കാര്‍ ശുപാര്‍ശ അയച്ചതായി മുഖ്യമന്ത്രി നിതീഷ് കുമാര്‍ ട്വീറ്റ് ചെയ്തു.
പട്‌ന: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണം സംബന്ധിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ശുപാര്‍ശ ചെയ്തു. സുശാന്തിന്റെ പിതാവ് കെ കെ സിങ് സമര്‍പ്പിച്ച കേസില്‍ സിബിഐ അന്വേഷണത്തിനു ബിഹാര്‍ സര്‍ക്കാര്‍ ശുപാര്‍ശ അയച്ചതായി മുഖ്യമന്ത്രി നിതീഷ് കുമാര്‍ ട്വീറ്റ് ചെയ്തു. കേസില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണമാവശ്യപ്പെട്ട് സുശാന്തിന്റെ പിതാവ് സമീപിച്ചതായി ബിഹാര്‍ ഡിജിപി ഗുപ്‌തേശ്വര്‍ പാണ്ഡെ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. ഇതെത്തുടര്‍ന്ന് ഉടന്‍ സര്‍ക്കാരിന് ശുപാര്‍ശ കൈമാറാന്‍ ഡിജിപിയോട് നിര്‍ദേശിക്കുകയായിരുന്നുവെന്നും ഇത് ഔദ്യോഗികമായി സര്‍ക്കാര്‍ സിബിഐയ്ക്ക് അയച്ചുവെന്നും നിതീഷ് കുമാര്‍ വ്യക്തമാക്കി.
എന്നാല്‍, ഇത്തരമൊരു ശുപാര്‍ശ നടത്താന്‍ ബിഹാര്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് നടി റിയാ ചക്രവര്‍ത്തിയുടെ അഭിഭാഷകന്‍ പറഞ്ഞു. സുശാന്തിന്റെ മരണം അന്വേഷിക്കാനുള്ള അവകാശത്തെച്ചൊല്ലി പട്‌ന പോലിസും മുംബൈ പോലിസും തമ്മില്‍ അധികാരവടംവലി നടക്കുന്നുണ്ട്. കേസ് മുംബൈയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് റിയ ചക്രവര്‍ത്തിയുടെ ഹരജി സുപ്രിംകോടതി പരിഗണിക്കുന്നതിന്റെ ഒരുദിവസം മുമ്പാണ് കേസ് സിബിഐയ്ക്ക് കൈമാറാനുള്ള തീരുമാനം.
റിയയുടെ അപേക്ഷയില്‍ എന്തെങ്കിലും ഉത്തരവ് പുറപ്പെടുവിക്കുന്നതിനുമുമ്പ് വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് ബിഹാറിലെയും മഹാരാഷ്ട്രയിലെയും സംസ്ഥാന സര്‍ക്കാരുകള്‍ ഇതിനകംതന്നെ സുപ്രിംകോടതിയില്‍ പ്രത്യേക അപേക്ഷകള്‍ നല്‍കിയിട്ടുണ്ട്. സുശാന്തിന്റെ പിതാവും സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്. ജൂണ്‍ 14ന് മുംബൈ ബാന്ദ്രയിലെ ഫ്ളാറ്റില്‍ മരിച്ചനിലയിലാണ് 34കാരനായ സുശാന്തിനെ കണ്ടെത്തിയത്. മരണത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐയ്ക്കു കൈമാറണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ടെങ്കിലും അത് വേണ്ടെന്നാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ നിലപാട്.