യുപിയിലെ ജനവിധി 2024 ലെ വിജയത്തിന് മുന്നോടി; വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് നരേന്ദ്രമോദി

Update: 2022-03-10 17:54 GMT

ന്യൂഡല്‍ഹി: ബിജെപിയുടെ വിജയം ജനാധിപത്യത്തിന്റെ ഉല്‍സവമാണെന്നും വോട്ടമാര്‍ക്ക് നന്ദി അറിയിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്രമോദി. നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. എന്‍ഡിഎ പ്രവര്‍ത്തകരുടെ വിജയമാണിത്. മാര്‍ച്ച് 10ന് ഹോളി നടത്തുമെന്ന വാഗ്ദാനം ബിജെപി പ്രവര്‍ത്തകര്‍ പാലിച്ചു. ഇന്നത്തെ വിജയം 2024 ലെ ലോക്‌സഭാ വിജയത്തിന് അടിത്തറയാവുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 2017ലെ യുപി തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ 2019 ലെ പൊതുതിരഞ്ഞെടുപ്പിന്ഡറെ വിധി നിര്‍ണയിക്കപ്പെട്ടെന്ന് പലരും പറഞ്ഞിരുന്നു. ആ ചിന്ത ഇന്നത്തെ വിജയത്തിനും ബാധകമാണ്.

2024ലെ പൊതുതിരഞ്ഞെടുപ്പ് ഫലം 2022ലെ യുപി തിരഞ്ഞെടുപ്പിന്റെ ഫലത്തില്‍ കാണാന്‍ കഴിയും. നാല് സംസ്ഥാനങ്ങളിലും കന്നി വോട്ടര്‍മാരാണ് ബിജെപിയുടെ വിജയം ഉറപ്പാക്കിയത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ വിജയം. ഉത്തര്‍പ്രദേശ് ചരിത്രം കുറിച്ചു. യുപിയില്‍ ഒരു മുഖ്യമന്ത്രി കാലാവധി പൂര്‍ത്തിയാക്കി വീണ്ടും അധികാരത്തിലെത്തുന്നത് ചരിത്രത്തിലാദ്യമായാണ്. തിരഞ്ഞെടുപ്പ് നടന്ന എല്ലാ സംസ്ഥാനങ്ങളിലും ബിജെപിയുടെ വോട്ടുവിഹിതം വര്‍ധിച്ചു. പാര്‍ട്ടി മുന്നോട്ടുവച്ച നയങ്ങളുടെ വിജയമാണിത്. യുപിയില്‍ ജാതി രാഷ്ട്രീയം മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്ന് പറഞ്ഞ് ആളുകള്‍ ഉത്തര്‍പ്രദേശിനെ അപമാനിച്ചുകൊണ്ടേയിരിക്കുന്നു.

എന്നാല്‍, 2014 മുതല്‍ ഇപ്പോള്‍ 2022 വരെ പുരോഗതിയുടെയും വികസനത്തിന്റെയും രാഷ്ട്രീയത്തിനു മാത്രമാണ് തങ്ങള്‍ വോട്ടുചെയ്യുന്നതെന്ന് ജനങ്ങള്‍ വീണ്ടും വീണ്ടും തെളിയിച്ചു. ജാതിക്ക് വേണ്ടിയല്ല, പുരോഗമനത്തിനാണ് യുപി വോട്ടുചെയ്യുന്നതെന്ന് ഇതില്‍പരം എന്ത് തെളിവാണ് വേണ്ടതെന്നും മോദി ചോദിച്ചു. ഗോവയില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം തെറ്റാണെന്ന് ഞങ്ങള്‍ തെളിയിച്ചു. യുപിയിലും ഉത്തരാഖണ്ഡിലും ബിജെപി ചരിത്രം കുറിച്ചു. ഉത്തരാഖണ്ഡില്‍ ആദ്യമായി തുടര്‍ഭരണം നേടുന്ന പാര്‍ട്ടിയായി ബിജെപി ചരിത്രം കുറിച്ചു.

സര്‍ക്കാര്‍ പദ്ധതികള്‍ എല്ലാവരിലേക്കും എത്തിക്കുമെന്ന വാക്ക് പാലിച്ചുവെന്നും മോദി പറഞ്ഞു. പുരുഷന്‍മാരേക്കാള്‍ സ്ത്രീകള്‍ വോട്ടുചെയ്ത മണ്ഡലങ്ങളില്‍ ബിജെപിയാണ് വിജയിച്ചതെന്നും മോദി കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിനെതിരേ രൂക്ഷവിമര്‍ശനമാണ് പ്രധാനമന്ത്രി ഉന്നയിച്ചത്. കുടുംബാധിപത്യം ജനാധിപത്യത്തെ തകര്‍ക്കുകയാണെന്ന് പ്രധാനമന്ത്രി തുറന്നടിച്ചു. ആദ്യം അഴിമതി നടത്തിയവര്‍ പിന്നീട് നടപടി വരുമ്പോള്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നു. അഴിമതി അവസാനിക്കണം, തങ്ങള്‍ക്ക് നേരെ നടപടി വരുമ്പോള്‍ അതിന് സാമുദായിക നിറം നല്‍കാന്‍ ഇക്കൂട്ടര്‍ ശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

Tags:    

Similar News