ആള്‍ക്കൂട്ട ആക്രമണങ്ങളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്ന ഡാറ്റാബേസ് വെബ്‌സൈറ്റില്‍ നിന്ന് പിന്‍വലിച്ചു
ന്യൂഡല്‍ഹി: ഫാക്ട് ചെക്കര്‍ ഡിജിറ്റല്‍ വെബ്‌സൈറ്റിലെ ഹേറ്റ് ക്രൈം വാച്ച് ഡാറ്റാബേസ് സപ്തംബര്‍ 11 മുതല്‍ പിന്‍വലിച്ചു. p.factchecker.in എന്ന ലിങ്കില്‍ ലഭ്യമായിരുന്ന ഡാറ്റാബേസ് 2014 മുതലാണ് ആരംഭിച്ചത്. 2009 മുതല്‍ ഇന്ത്യയില്‍ നടന്ന മതാടിസ്ഥാനത്തിലുള്ള വിദ്വേഷ കുറ്റകൃത്യങ്ങളുടെ വിവരങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
പശുവിന്റെ പേരില്‍ നടക്കുന്ന ആക്രമണ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്ന ഫാക്ട്‌ചെക്കറിലെ lynch.factchecker.in എന്ന ലിങ്കും ഇപ്പോള്‍ ലഭ്യമല്ല. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്ന പ്രചാരണവുമായി ബന്ധപ്പെട്ടുള്ള ആക്രമണങ്ങളുടെ വിവരം ശേഖരിച്ചിരുന്ന ഡാറ്റാബേസും ഒഴിവാക്കിയിട്ടുണ്ട്.
ഫാക്ട്‌ചെക്കറിന്റെ സഹോദര സ്ഥാപനമായ ഇന്ത്യ സ്‌പെന്‍ഡിന്റെ എഡിറ്റര്‍ സമര്‍ ഹലാങ്കര്‍ അതേ ദിവസം തന്നെ സ്ഥാപനത്തില്‍ നിന്ന് രാജിവയ്ക്കുകയും ചെയ്തിട്ടുണ്ട്.
ഹേറ്റ് ക്രൈം വാച്ചും മറ്റു രണ്ടു ഡാറ്റാബേസുകളും ക്രമേണ പുതിയൊരു വെബ്‌സൈറ്റിലേക്കു മാറുമന്ന് ഹലാങ്കര്‍ പറഞ്ഞു. എന്നാല്‍, അത് എന്നാണെന്ന് പറയാനാവില്ല. തീര്‍ച്ചയായും അത് തിരിച്ചുവരും-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തേ ഹിന്ദുസ്ഥാന്‍ ടൈംസില്‍ മാനേജിങ് എഡിറ്ററായിരുന്നു ഹലാങ്കര്‍.
ഹേറ്റ് ക്രൈം വാച്ച് പുതിയ വെബ്‌സൈറ്റിലേക്കു മാറുമെന്നും പ്രസ്തുത ഡാറ്റാബേസുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായും ഫാക്ട് ചെക്കര്‍ ട്വിറ്ററില്‍ വ്യക്തമാക്കി.
ഫാക്ട്‌ചെക്കര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയാണ് ഡാറ്റാബേസ് ഒഴിവാക്കാന്‍ കാരണമെന്ന് സൂചനയുള്ളതായി ന്യൂസ് ലോണ്ട്രി റിപോര്‍ട്ട് ചെയ്തു. പ്രസ്തുത പദ്ധതിയില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രധാനപ്പെട്ട ഒരാള്‍ രണ്ടാഴ്ച്ച മുമ്പ് ജോലി ഒഴിവാക്കി വിദേശത്തേക്കു പോവുകയും ചെയ്തു. വെബ്‌സൈറ്റിന് ഫണ്ട് നല്‍കുന്ന സ്ഥാപനങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദവും ഡാറ്റാബേസ് പിന്‍വലിക്കുന്നതിനു കാരണമായിട്ടുണ്ടെന്നാണ് അറിയുന്നത്.
2019 ആഗസ്ത് 31വരെ 300ലേറേ വംശീയ കുറ്റകൃത്യങ്ങള്‍ ഹേറ്റ് ക്രൈം വാച്ച് ഡാറ്റാബേസില്‍ രേഖപ്പെടുത്തിയിരുന്നു. 2019 സപ്തംബര്‍ 3 വരെ പശവുമായി ബന്ധപ്പെട്ട 96 സംഭവങ്ങളാണ് രേഖപ്പെടുത്തിയത്.