മാധ്യമപ്രവര്‍ത്തകര്‍ക്ക് സാമ്പത്തിക സഹായവും ഇന്‍ഷുറന്‍സും; എളമരം കരിം എംപി പ്രധാനമന്ത്രിക്ക് കത്ത് നല്‍കി
സാമ്പത്തികമേഖലയില്‍ അടുത്തിടെയായി അനുഭവപ്പെടുന്ന മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ബഹുഭൂരിപക്ഷം മാധ്യമപ്രവര്‍ത്തകരും കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്.
ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകര്‍ക്ക് സാമ്പത്തികസഹായവും ഇന്‍ഷുറന്‍സും ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് എളമരം കരിം എംപി പ്രധാനമന്ത്രിക്ക് കത്ത് നല്‍കി. മഹാമാരിയായ കൊവിഡ് 19 ഭീതിവിതച്ചുപടരുമ്പോള്‍ യഥാര്‍ഥമായ വിവരങ്ങള്‍ അറിയിച്ചും ബോധവല്‍ക്കരണം നടത്തിയും അതിനെതിരായ ചെറുത്തുനില്‍പ്പിന് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം തോളോടുതോള്‍ ചേര്‍ന്നുനിന്ന് അഹോരാത്രം അത്യധ്വാനം ചെയ്യുന്നവരാണ് മാധ്യമപ്രവര്‍ത്തകര്‍. സാമ്പത്തികമേഖലയില്‍ അടുത്തിടെയായി അനുഭവപ്പെടുന്ന മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ബഹുഭൂരിപക്ഷം മാധ്യമപ്രവര്‍ത്തകരും കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്.
പല സ്ഥാപനങ്ങളിലും മാസങ്ങളായി ശമ്പളം കിട്ടുന്നില്ല. കൊവിഡ് തീര്‍ക്കുന്ന മാരകപ്രതിസന്ധിയില്‍ അടുത്തമാസങ്ങളില്‍ സ്ഥിതി കൂടുതല്‍ വഷളാവാനാണു സാധ്യത. ഈ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജില്‍ മാധ്യമപ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തണമെന്നും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ആരോഗ്യ ഇന്‍ഷുറന്‍സില്‍ മാധ്യമപ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.