മുംബൈയിലെ ബഹുനില കെട്ടിടത്തില്‍ തീപ്പിടിത്തം; ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന് പരിക്ക് (വീഡിയോ)

Update: 2021-09-04 08:53 GMT

മുംബൈ: മുംബൈയിലെ സബര്‍ബന്‍ ബോറിവാലിയിലെ ഏഴ് നിലകളുള്ള പാര്‍പ്പിട സമുച്ചയ കെട്ടിടത്തില്‍ തീപ്പിടിത്തമുണ്ടായി. കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് തീപ്പിടിത്തമുണ്ടായത്. തീയണയ്ക്കാന്‍ ശ്രമിക്കുകയായിരുന്ന ഒരു ഫയര്‍മാന് പരിക്കേറ്റതായി ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മുംബൈ ബോറിവാലി പടിഞ്ഞാറ് ഗഞ്ചാവാല റെസിഡന്‍സി കെട്ടിടത്തില്‍ രാവിലെ 7 മണിയോടെയാണ് തീപ്പിടുത്തമുണ്ടായതെന്ന് അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. സംഭവത്തെക്കുറിച്ച് അറിയിച്ചതിനെത്തുടര്‍ന്ന് ചില അഗ്‌നിശമന സേനാംഗങ്ങളും പോലിസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ആളുകളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി. ഫയര്‍മാന്‍ നാഥു സര്‍ജറാവു ബധാക്കി (43) നാണ് പരിക്കേറ്റത്.

ഇദ്ദേഹത്തിന് 8 മുതല്‍ 12 ശതമാനം വരെ പൊള്ളലേറ്റു. ഈ സമയത്ത് കെട്ടിടത്തിലെ എല്ലാ താമസക്കാരും സുരക്ഷിതരാണെന്ന് അദ്ദേഹം പറഞ്ഞു. രാവിലെ 9:30 ഓടെ തീയണച്ചു. ബധാക്കിനെ കാണ്ഡിവാലിയിലെ ശതാബ്ദി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചികില്‍സയ്ക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. ഓഫിസിലെ വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീ പടര്‍ന്നതെന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു.

Tags:    

Similar News