കത്തിക്കരിഞ്ഞ വിമാനാവശിഷ്ടങ്ങള്‍; അപകടസ്ഥലത്തിന്റെ ആദ്യചിത്രങ്ങള്‍ പുറത്ത്
കത്തിക്കരിഞ്ഞ വിമാനത്തിന്റെ അവശിഷ്ടങ്ങളും പ്രദേശത്തെ കത്തിനശിച്ച മരങ്ങളുമാണ് ചിത്രത്തിലുള്ളത്. മലയാളികള്‍ ഉള്‍പ്പടെ ഏഴ് വ്യോമസേനാംഗങ്ങളും ആറ് യാത്രക്കാരുമായി അസമിലെ ജോര്‍ഹട്ടില്‍നിന്ന് അരുണാചല്‍പ്രദേശിലെ മേചുകയിലേക്കുപോയ വിമാനത്തെക്കുറിച്ച് എട്ടുദിവസത്തിനുശേഷമാണ് വിവരങ്ങള്‍ ലഭിക്കുന്നത്.
ന്യൂഡല്‍ഹി: വ്യോമസേനയുടെ എഎന്‍-32 വിമാനം തകര്‍ന്നുവീണ പ്രദേശത്തിന്റെ ആദ്യചിത്രങ്ങള്‍ പുറത്തുവന്നു. കത്തിക്കരിഞ്ഞ വിമാനത്തിന്റെ അവശിഷ്ടങ്ങളും പ്രദേശത്തെ കത്തിനശിച്ച മരങ്ങളുമാണ് ചിത്രത്തിലുള്ളത്. മലയാളികള്‍ ഉള്‍പ്പടെ ഏഴ് വ്യോമസേനാംഗങ്ങളും ആറ് യാത്രക്കാരുമായി അസമിലെ ജോര്‍ഹട്ടില്‍നിന്ന് അരുണാചല്‍പ്രദേശിലെ മേചുകയിലേക്കുപോയ വിമാനത്തെക്കുറിച്ച് എട്ടുദിവസത്തിനുശേഷമാണ് വിവരങ്ങള്‍ ലഭിക്കുന്നത്. വിമാനം തീപ്പിടിച്ച് താഴേക്ക് പതിച്ചതിന്റെ നേര്‍സാക്ഷ്യമാണ് ചിത്രം നല്‍കുന്നത്. വിമാനം തകര്‍ന്നുകിടക്കുന്ന പ്രദേശത്തിന്റെ ആകാശദൃശ്യമാണ് വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടിരിക്കുന്നത്.
അരുണാചലിലെ വടക്കന്‍ ലിപ്പോയില്‍നിന്നാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്നാണ് ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ ഔദ്യോഗിക വിശദീകരണം. വ്യോമസേനയുടെ എംഐ- 17 ഹെലികോപ്റ്റര്‍ 12,000 അടി മുകളില്‍ നടത്തിയ പരിശോധനയിലാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നത്.
എന്നാല്‍, തിങ്ങിനിറഞ്ഞ വനമേഖലയും മോശം കാലാവസ്ഥയുംകാരണം ഹെലികോപ്റ്ററിന് അപകടം നടന്ന പ്രദേശത്ത് ലാന്‍ഡ് ചെയ്യാനായില്ല. തൊട്ടടുത്ത് ഹെലികോപ്റ്റര്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യാനായി സ്ഥലം പരിശോധിച്ചുവരികയാണ്.
ബുധനാഴ്ച വ്യോമമാര്‍ഗം സൈനികരെ പ്രദേശത്തെത്തിച്ച് പരിശോധന നടത്താനാണ് വ്യോമസേന തീരുമാനിച്ചിരിക്കുന്നത്. അസമിലെ ജോര്‍ഹട്ടില്‍നിന്ന് അരുണാചല്‍പ്രദേശിലെ മേചുകയിലേക്കുപോയ വിമാനമാണ് ജൂണ്‍ മൂന്നിന് കാണാതായത്.