ഹരിയാനയില്‍ ഗുസ്തി പരിശീലന കേന്ദ്രത്തില്‍ വെടിവയ്പ്; അഞ്ച് മരണം, രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്
ചണ്ഡിഗഡ്: ഹരിയാനയിലെ റോഹ്തക്കില്‍ ഗുസ്തി പരിശീലന കേന്ദ്രത്തിലുണ്ടായ വെടിവയ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഹരിയാനയിലെ റോഹ്തക്കിലെ സ്വകാര്യകോളജിലെ ഗുസ്തി പരിശീലനകേന്ദ്രത്തിലാണ് വെടിവയ്പ്പുണ്ടായത്. പരിശീലന കേന്ദ്രത്തിന്റെ ഉടമ മനോജ്, ഭാര്യ സാക്ഷി, സതീഷ്, പ്രദീപ്, പൂജ എന്നിവരാണ് മരിച്ചത്. മനോജിന്റെ രണ്ടര വയസുള്ള മകനും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു. മറ്റൊരു ഗ്രാമത്തിലെ ഗുസ്തി പരീശീലകന്‍ സുഖ്വേന്ദറിനെ കേന്ദ്രീകരിച്ചാണ് പോലിസ് അന്വേഷണം നടത്തുന്നത്.
വെടിയുതിര്‍ത്തത് ഇയാളും സംഘവുമാണെന്നാണ് പ്രാഥമിക നിഗമനം. പ്രത്യേകസംഘം രൂപീകരിച്ച് പോലിസ് അന്വേഷണം നടത്തിവരുന്നത്. ആരാണ് വെടിവച്ചതെന്നതിനെക്കുറിച്ച് വ്യക്തതയില്ലെന്ന് റോഹ്തക് പോലിസ് സൂപ്രണ്ട് രാഹുല്‍ ശര്‍മ പറഞ്ഞു. ഫോറന്‍സിക് വിദഗ്ധരും പോലിസ് സംഘവും കുറ്റകൃത്യം നടന്ന സ്ഥലത്തുണ്ടെന്ന് റോഹ്തക് റേഞ്ച് ഐജി സന്ദീപ് ഖിര്‍വാര്‍ പറഞ്ഞു. ഗുസ്തി പരിശീലകര്‍ക്കിടയിലെ ശത്രുതയാണ് വെടിവയ്പിലേക്ക് നയിച്ചതെന്നും പോലിസ് കൂട്ടിച്ചേര്‍ത്തു.