മുംബൈ വിമാനത്താവളത്തില്‍നിന്ന് 71 ലക്ഷത്തിന്റെ വിദേശ കറന്‍സി പിടികൂടി
സിഐഎസ്എഫ് നടത്തിയ പരിശോധനയിലാണ് യാത്രക്കാരനില്‍നിന്ന് പണം പിടികൂടിയത്. സംഭവത്തില്‍ അതീവ് പരേഷ് മേത്ത എന്നയാളെ സിഐഎസ്എഫ് കസ്റ്റഡിയിലെടുത്തു.
മുംബൈ: അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് 71 ലക്ഷം രൂപയുടെ വിദേശകറന്‍സി പിടികൂടി. സിഐഎസ്എഫ് നടത്തിയ പരിശോധനയിലാണ് യാത്രക്കാരനില്‍നിന്ന് പണം പിടികൂടിയത്. സംഭവത്തില്‍ അതീവ് പരേഷ് മേത്ത എന്നയാളെ സിഐഎസ്എഫ് കസ്റ്റഡിയിലെടുത്തു. വിമാനത്താവളത്തിന്റെ രണ്ടാം ടെര്‍മിനലില്‍ സുരക്ഷാപരിശോധന നടത്തവെയാണ് ഇയാളുടെ കൈയില്‍ സൂക്ഷിച്ചിരുന്ന ബാഗില്‍നിന്നും പണം കണ്ടെടുത്തത്. കാതെ പസഫിക് വിമാനത്തില്‍ ഹോങ്കോങ്ങിലേക്ക് പോവുകയായിരുന്നു ഇയാള്‍. വിശദമായി ചോദ്യംചെയ്‌തെങ്കിലും പണത്തിന്റെ വ്യക്തമായ രേഖകള്‍ ഹാജരാക്കാന്‍ അതീവിന് സാധിച്ചില്ല.
കൂടാതെ ഇത്രയും പണവുമായി എന്തിനാണ് ഹോങ്കോങ്ങിലേക്ക് പോവുന്നതെന്നതിനും പണത്തിന്റെ ഉറവിടത്തിനും കൃത്യമായി മറുപടിയും ലഭിച്ചില്ല. തുടര്‍ന്ന് ഇയാളെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതായി സിഐഎസ്എഫ് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരും അറിയിച്ചു. കഴിഞ്ഞയാഴ്ച മുംബൈ വിമാനത്താവളത്തില്‍നിന്ന് 9.16 ലക്ഷം രൂപയുടെ വിദേശകറന്‍സിയുമായി ആസ്‌ത്രേലിയന്‍ സ്വദേശിയെ സിഐഎസ്എഫ് പിടികൂടിയിരുന്നു. ഇതെക്കുറിച്ചുള്ള അനോഷണം കസ്റ്റംസ് നടത്തിവരികയാണ്.