ജസ്റ്റിസ് പി സി ഘോഷ് ഇന്ത്യയുടെ പ്രഥമ ലോക്പാല്‍ അധ്യക്ഷനാവും

വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ലോക്പാല്‍ സെലക്ഷന്‍ സമിതിയുടേതാണ് തീരുമാനം. അര്‍ച്ചന സോമസുന്ദരം ഐപിഎസിനെ അംഗമായും നിയമിച്ചതായാണ് സൂചന. നിയമനത്തിന്റെ കാര്യത്തില്‍ നാളെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവും.

Update: 2019-03-17 09:56 GMT

ന്യൂഡല്‍ഹി: അഴിമതി തുടച്ചുനീക്കുകയെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ലോക്പാലിന്റെ ആദ്യ അധ്യക്ഷനായി സുപ്രിംകോടതി മുന്‍ ജഡ്ജി പിനാകി ചന്ദ്രഘോഷിനെ നിയമിക്കുമെന്ന് റിപോര്‍ട്ട്. വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ലോക്പാല്‍ സെലക്ഷന്‍ സമിതിയുടേതാണ് തീരുമാനം. അര്‍ച്ചന സോമസുന്ദരം ഐപിഎസിനെ അംഗമായും നിയമിച്ചതായാണ് സൂചന. നിയമനത്തിന്റെ കാര്യത്തില്‍ നാളെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവും. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍, മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്ത്തഗി എന്നിവരും സെലക്ഷന്‍ സമിതി യോഗത്തില്‍ പങ്കെടുത്തു. വിജ്ഞാപനം പുറത്തുവന്ന് അഞ്ചുവര്‍ഷത്തിനു ശേഷമാണ് ലോക്പാല്‍ നിയമനത്തിന്റെ കാര്യത്തില്‍ തീരുമാനമുണ്ടായിരിക്കുന്നത്.

സര്‍ക്കാര്‍ തലത്തിലും ഭരണഘടനാ സ്ഥാപനങ്ങളുടെ തലപ്പത്തും നടക്കുന്ന അഴിമതിയില്ലാതാക്കുകയെന്നതാണ് ലോക്പാല്‍ രൂപീകരണത്തിലൂടെ ലക്ഷ്യമിട്ടത്. ഇതിനായി നിയോഗിക്കപ്പെടുന്ന സമിതിയില്‍ അധ്യക്ഷന് പുറമേ എട്ട് അംഗങ്ങള്‍ കൂടിയുണ്ടാവും. ഇതില്‍ ഒരു വനിത ഉള്‍പ്പടെ നാല് മുന്‍ ഹൈക്കോടതി ജഡ്ജിമാര്‍, നാല് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുമുണ്ടാവണമെന്നാണ് വ്യവസ്ഥ. സുപ്രിംകോടതിയുടെ കര്‍ശനനിലപാടാണ് ലോക്പാല്‍ നിയമനത്തിന് വഴിതുറന്നത്. 2011 ഏപ്രില്‍ അഞ്ചിനാണ് ജന്‍ലോക്പാലിന് വേണ്ടി അണ്ണാ ഹസാരെ ഡല്‍ഹിയിലെ ജന്ദര്‍മന്തറില്‍ സമരം ആരംഭിക്കുന്നത്. അഴിമതിവിരുദ്ധ ഓംബുഡ്‌സ്മാന്റെ പരിധിയില്‍ പ്രധാനമന്ത്രിയെ അടക്കം ഉള്‍പ്പെടുത്തി ശക്തമായ നിയമം കൊണ്ടുവരണമെന്നായിരുന്നു ആവശ്യം. ആ വര്‍ഷം ആഗസ്ത് 28ന് ലോക്പാല്‍ ബില്‍ പാസായി. എന്നാല്‍, യുപിഎ സര്‍ക്കാരിനും പിന്നീടുവന്ന എന്‍ഡിഎ സര്‍ക്കാരിനും ലോക്പാല്‍ നിയമനത്തിന് താല്‍പര്യമുണ്ടായില്ല.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് നിയമനകാര്യത്തില്‍ നിലപാട് കടുപ്പിച്ചതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ വെളളിയാഴ്ച ഉന്നതതലയോഗം ചേര്‍ന്ന് നിയമനനടപടികളിലേക്ക് കടക്കുകയായിരുന്നു. 1997ല്‍ ചന്ദ്രഘോഷ് കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായാണ് നിയമിതനാവുന്നത്. 2013ല്‍ സുപ്രിംകോടതി ജഡ്ജിയായി. സുപ്രിംകോടതില്‍നിന്ന് 2017ല്‍ ചന്ദ്രഘോഷ് വിരമിച്ചു. ആന്ധാപ്രദേശില്‍ ചന്ദ്രഘോഷ് ചീഫ് ജസ്റ്റിസായ ബെഞ്ചാണ് തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത പ്രതിയായ അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ശശികലയെ അടക്കം ശിക്ഷിച്ചത്. നിലവില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗമാണ് ചന്ദ്രഘോഷ്.







Tags:    

Similar News