രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുമെന്ന സൂചന നല്‍കി ഗുലാം നബി ആസാദ്; സാമൂഹ്യ സേവന മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും

സമൂഹത്തിലെ ജാതി മത ഭിന്നതകള്‍ അടക്കം ഇല്ലാതാക്കാന്‍ ഇന്നത്തെ രാഷ്ട്രീയത്തിന് സാധിക്കുന്നില്ലെന്നും ഗുലാം നബി ആസാദ് കുറ്റപ്പെടുത്തി.

Update: 2022-03-21 03:46 GMT

ന്യൂഡല്‍ഹി: രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുമെന്ന സൂചന നല്‍കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്.രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ച ശേഷം സാമൂഹ്യ സേവന മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ലക്ഷ്യം. നീതി പുലര്‍ത്താന്‍ സാധിക്കാത്ത അന്തരീക്ഷം രാഷ്ട്രീയത്തില്‍ നിലനില്‍ക്കുന്നതായി ഗുലാം നബി ആസാദ് ചൂണ്ടിക്കാട്ടി. സമൂഹത്തിലെ ജാതി മത ഭിന്നതകള്‍ അടക്കം ഇല്ലാതാക്കാന്‍ ഇന്നത്തെ രാഷ്ട്രീയത്തിന് സാധിക്കുന്നില്ലെന്നും ഗുലാം നബി ആസാദ് കുറ്റപ്പെടുത്തി.

തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് സംഘടനാ സംവിധാനത്തില്‍ മാറ്റം വേണമെന്ന ആവശ്യം ശക്തമാക്കിയ നേതാക്കളില്‍ ഒരാളായിരുന്നു ഗുലാം നബി ആസാദ്.

ഗുലാം നബി ആസാദിന്റെ വസതിയില്‍ തിരുത്തല്‍വാദി നേതാക്കളുടെ യോഗവും പലതവണ ചേര്‍ന്നിരുന്നു. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുന്നതിനായി വിശാല പ്രതിപക്ഷ സഖ്യമുണ്ടാക്കാന്‍ സമാന താല്‍പര്യങ്ങളുള്ള പാര്‍ട്ടികളുമായി സഹകരിക്കേണ്ടതിന്റെ പ്രാധാന്യം ഉള്‍പ്പെടെ ജി23 നേതാക്കള്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്. പാര്‍ട്ടി പ്രതിസന്ധിയെ നേരിടുകയാണെന്നും ഈ അവസ്ഥയെ മറികടക്കുന്നതിനായി നേതാക്കള്‍ ഒന്നിച്ചുനില്‍ക്കണമെന്നുമുള്ള നിലപാടിലാണ് ജി 23 നേതാക്കള്‍.

എന്നാല്‍ നേതൃമാറ്റം വേണ്ടെന്ന ഭൂരിപക്ഷ അഭിപ്രായത്തോടെ സോണിയാ ഗാന്ധി തന്നെ നേതൃത്വത്തില്‍ തുടരുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഗുലാം നബി ആസാദിന്റെ വിരമിക്കല്‍ പ്രഖ്യാപനം വരുന്നത്.

Tags:    

Similar News