ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന് കൊവിഡ്
ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രോഗലക്ഷണങ്ങളില്ലായിരുന്നുവെന്നും വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പനാജി: ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രോഗലക്ഷണങ്ങളില്ലായിരുന്നുവെന്നും വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട എല്ലാവരും മുന്‍കരുതല്‍ നടപടികളുമായി ഭാഗമായി നിരീക്ഷണത്തില്‍ പോവണം.
വീട്ടിലിരുന്ന് തുടര്‍ന്നും തന്റെ ചുമതലകള്‍ ഇനി നിര്‍വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗോവയിലെ കൊവിഡ് കെയര്‍ സെന്ററുകളുടെ പ്രവര്‍ത്തനം അവലോകനം ചെയ്യുന്നതിന് ചുമതലയുള്ള ഉദ്യോഗസ്ഥരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ചൊവ്വാഴ്ച അദ്ദേഹം ഒരു യോഗം സംഘടിപ്പിച്ചിരുന്നു.
ഒരുദിവസം മുമ്പ് ഗോവയിലെ കൊവിഡ് പ്രതിരോധനടപടികള്‍ അവലോകനം ചെയ്യുന്നതിന് സംസ്ഥാന ആരോഗ്യമന്ത്രി വിശ്വജിത് റാണെ, റവന്യൂ മന്ത്രി, ഉദ്യോഗസ്ഥര്‍ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങളും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.
കൊവിഡ് സ്ഥിരീകരിക്കുന്ന രാജ്യത്തെ നാലാമത്തെ മുഖ്യമന്ത്രിയാണ് പ്രമോദ് സാവന്ത്. കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ എന്നിവര്‍ക്കാണ് നേരത്തെ വൈറസ് ബാധിച്ചത്.