'ഗൂഗിളില്‍ തിരഞ്ഞാല്‍ സത്യമറിയാം'; തടങ്കല്‍പാളയങ്ങളില്ലെന്ന മോദിയുടെ പ്രസ്താവന തള്ളി കോണ്‍ഗ്രസ്

തടങ്കല്‍പാളയങ്ങളില്ലെന്ന പ്രസ്താവനയുടെ വസ്തുത പരിശോധിക്കുന്നതിനായി ഗൂഗിള്‍ സെര്‍ച്ച് ചെയ്ത് നോക്കാന്‍ ഇന്ത്യക്കാര്‍ക്ക് അറിയില്ലെന്നാണോ മോദി കരുതുന്നത്. തടങ്കല്‍പാളയങ്ങള്‍ ഒരു യാഥാര്‍ഥ്യമാണെന്ന് മാത്രമല്ല, ഈ സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്നിടത്തോളം കാലം അത്തരം കേന്ദ്രങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയും ചെയ്യും

Update: 2019-12-22 14:07 GMT

ന്യൂഡല്‍ഹി: ദേശീയ പൗരത്വ പട്ടിക തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് മുസ്‌ലിംകള്‍ക്കുവേണ്ടി രാജ്യത്തൊരിടത്തും തടങ്കല്‍പാളയങ്ങള്‍ നിര്‍മിച്ചിട്ടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയ്‌ക്കെതിരേ കോണ്‍ഗ്രസ് രംഗത്ത്. ഒരുതവണ ഗൂഗിള്‍ തിരഞ്ഞുനോക്കിയാല്‍ മോദിയുടെ ഈ അവകാശവാദം തെറ്റാണെന്ന് തെളിയുമെന്ന് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. 'തടങ്കല്‍പാളയങ്ങളില്ലെന്ന പ്രസ്താവനയുടെ വസ്തുത പരിശോധിക്കുന്നതിനായി ഗൂഗിള്‍ സെര്‍ച്ച് ചെയ്ത് നോക്കാന്‍ ഇന്ത്യക്കാര്‍ക്ക് അറിയില്ലെന്നാണോ മോദി കരുതുന്നത്. തടങ്കല്‍പാളയങ്ങള്‍ ഒരു യാഥാര്‍ഥ്യമാണെന്ന് മാത്രമല്ല, ഈ സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്നിടത്തോളം കാലം അത്തരം കേന്ദ്രങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയും ചെയ്യും' എന്നായിരുന്നു കോണ്‍ഗ്രസിന്റെ ട്വീറ്റ്. ഇന്ത്യയില്‍ തടങ്കല്‍ പാളയങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതിന് വാര്‍ത്തകളുടെ ചിത്രങ്ങള്‍ക്കൊപ്പമായിരുന്നു കോണ്‍ഗ്രസിന്റെ ട്വീറ്റ്.

അസമിലെ തടങ്കല്‍ പാളയങ്ങളില്‍ 28 വിദേശീയര്‍ മരിച്ചതായി ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് രാജ്യസഭയില്‍ നല്‍കിയ മറുപടിയെക്കുറിച്ചുള്ള പത്രവാര്‍ത്തയും ഇതില്‍ ഉള്‍പ്പെടുന്നു. ഡല്‍ഹി രാംലീല മൈതാനിയിലെ ബിജെപി റാലിയില്‍ നടത്തിയ പ്രസംഗത്തിലാണ് എന്‍ആര്‍സിയുടെ ഭാഗമായി മുസ്‌ലിംകളെ പാര്‍പ്പിക്കുന്നതിന് തടങ്കല്‍പാളയങ്ങള്‍ സ്ഥാപിച്ചതായ വാര്‍ത്തകളെ പ്രധാനമന്ത്രി തള്ളിക്കളഞ്ഞത്. ഇന്ത്യയില്‍ ഒരിടത്തും തടങ്കല്‍ പാളയങ്ങളില്ലെന്നും കോണ്‍ഗ്രസും അര്‍ബന്‍ നക്‌സലുകളും നുണ പ്രചരിപ്പിക്കുകയാണെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനം. പൗരത്വ ഭേദഗതി നിയമഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് ഒരു പ്രയാസവുമുണ്ടാക്കില്ലെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടിരുന്നു. 

Tags:    

Similar News