സര്‍ക്കാര്‍ പാര്‍ലമെന്റിനെ വിശ്വാസത്തിലെടുക്കാതെ ഓര്‍ഡിനന്‍സിലൂടെ നിയമനിര്‍മാണം നടത്തുന്നു: കെ കെ രാഗേഷ്
നാം ഓര്‍ഡിനന്‍സ് രാജിലല്ല, ജനാധിപത്യസംവിധാനത്തിലാണ് ജീവിക്കുന്നതെന്ന് സഭയെ ഓര്‍മപ്പെടുത്തിയായിരുന്നു രാഗേഷിന്റെ വിമര്‍ശനം.
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ഇരുസഭകളെയും വിശ്വാസത്തിലെടുക്കാതെ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സിലൂടെ നിയമനിര്‍മാണം നടത്തുകയാണെന്ന് കെ കെ രാഗേഷ് എംപി. സിഗരറ്റ് നിരോധന നിയമത്തിനെതിരേ നിരാകരണപ്രമേയം അവതരിപ്പിച്ച് രാജ്യസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാം ഓര്‍ഡിനന്‍സ് രാജിലല്ല, ജനാധിപത്യസംവിധാനത്തിലാണ് ജീവിക്കുന്നതെന്ന് സഭയെ ഓര്‍മപ്പെടുത്തിയായിരുന്നു രാഗേഷിന്റെ വിമര്‍ശനം. അസാധാരണ സാഹചര്യങ്ങളില്‍ മാത്രമാണ് ഓര്‍ഡിനന്‍സിനെ ആശ്രയിക്കേണ്ടത്.
സഭയെ വിശ്വാസത്തിലെടുക്കാതെ ഓര്‍ഡിനന്‍സിലൂടെ നിയമനിര്‍മാണം നടത്താനുള്ള എന്ത് അടിയന്തരപ്രാധാന്യമാണ് സിഗരറ്റ് നിരോധനനിയമത്തിലുള്ളതെന്നും അദ്ദേഹം ചോദിച്ചു. മറ്റു എല്ലാ പുകയില ഉല്‍പ്പന്നങ്ങളും മയക്കുമരുന്നുകളും നിരോധിക്കാതെ സിഗരറ്റ് മാത്രം നിരോധിക്കുന്നതിന്റെ അടിയന്തരപ്രാധാന്യം സഭയെ ബോധ്യപ്പെടുത്താന്‍ മന്ത്രിക്ക് കഴിഞ്ഞിട്ടില്ലെന്നും എംപി പറഞ്ഞു. ഓര്‍ഡിനന്‍സിലൂടെ നിയമനിര്‍മാണം നടത്തുന്ന പതിവ് കേന്ദ്രസര്‍ക്കാര്‍ തുടരുകയാണ്. കഴിഞ്ഞ സഭാസമ്മേളനത്തില്‍ ഒരു ഡസനിലേറെ ഓര്‍ഡിനന്‍സുകളാണ് ഇറക്കിയത്.
അന്ന് ഉയര്‍ന്ന വിമര്‍ശനങ്ങളെ പോലും കണക്കിലെടുക്കാതെയാണ് വീണ്ടും സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കി കളിക്കുന്നത്. 2014ല്‍ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ പ്രധാന വ്യവസ്ഥകള്‍ ഇല്ലാതാക്കാന്‍ നാലുതവണ ഓര്‍ഡിനന്‍സ് ഇറക്കിയ സര്‍ക്കാരാണിത്. ഓര്‍ഡിനന്‍സ് രാജിലൂടെ പാര്‍ലമെന്റിന്റെ അധികാരങ്ങളെ പരിമിതപ്പെടുത്തുന്ന ജനാധിപത്യവിരുദ്ധ സമീപനങ്ങള്‍ അവസാനിപ്പിക്കണമെന്നും രാഗേഷ് ആവശ്യപ്പെട്ടു.