ഹെലികോപ്റ്റര്‍ അപകടം; ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് അന്തരിച്ചു

Update: 2021-12-15 10:51 GMT

ബംഗളൂരു: ഊട്ടിക്ക് സമീപം കുനൂരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് അന്തരിച്ചു. ബുധനാഴ്ച രാവിലെ ബംഗളൂരുവിലെ കമാന്‍ഡ് ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചതെന്ന് വ്യോമസേന അറിയിച്ചു. ഇതോടെ ദുരന്തത്തില്‍ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും ഭാര്യ മധുലിക റാവത്ത് എന്നിവരുള്‍പ്പെടെ മരിച്ചവരുടെ എണ്ണം 14 ആയി ഉയര്‍ന്നു. 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നെങ്കിലും വരുണ്‍ സിങ്ങിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള പ്രയത്‌നത്തിലായിരുന്നു ഡോക്ടര്‍മാര്‍. അപകടത്തില്‍ വരുണ്‍ സിങ്ങിന്റെ കൈകള്‍ക്കും മുഖത്തുമാണ് ഗുരുതരമായി പൊള്ളലേറ്റത്.

വില്ലിങ്ടണ്‍ ആശുപത്രിയില്‍നിന്ന് എയര്‍ ആംബുലന്‍സില്‍ വ്യാഴാഴ്ചയാണ് ബംഗളൂരുവിലെ വ്യോമസേനയുടെ കമാന്‍ഡ് ആശുപത്രിയില്‍ ഗ്രൂപ്പ് ക്യാപ്റ്റനെ എത്തിച്ചത്. കഴിഞ്ഞവര്‍ഷം വരുണ്‍ സിങ് ഓടിച്ചിരുന്ന എയര്‍ക്രാഫ്റ്റ് അപകടത്തില്‍പ്പെട്ടിരുന്നു. എന്നാല്‍, പൈലറ്റ് എന്ന രീതിയില്‍ നേടിയ വൈദഗ്ധ്യമാണ് വരുണ്‍ സിങ്ങിന്റെ ജീവന്‍ രക്ഷിച്ചത്. ഉയര്‍ന്ന് പറക്കുമ്പോള്‍ എയര്‍ക്രാഫ്റ്റിന് ഗുരുതരമായ സാങ്കേതിക തകരാര്‍ സംഭവിക്കുകയായിരുന്നു. എന്നാല്‍, തകരാര്‍ മനസ്സിലാക്കി മനസ്സാന്നിധ്യം കൈവിടാതെ അദ്ദേഹം ഉയരം ക്രമീകരിച്ച് എയര്‍ക്രാഫ്റ്റ് നിലത്തിറക്കി.

ധീരതയ്ക്കുള്ള അംഗീകാരമായി കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ ശൗര്യചക്ര പുരസ്‌കാരം ഏറ്റുവാങ്ങിയ സൈനികനാണ് ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്. റിട്ട കേണല്‍ കെ പി സിങ്ങാണ് വരുണ്‍ സിങ്ങിന്റെ പിതാവ്. സഹോദരന്‍ തനൂജും നേവി ഉദ്യോഗസ്ഥനാണ്. കോയമ്പത്തൂരിലെ സുലൂര്‍ വ്യോമതാവളത്തില്‍നിന്ന് ഊട്ടിക്കു സമീപം വെല്ലിങ്ടണിലേക്കുള്ള യാത്രയ്ക്കിടെ നീലഗിരിയിലെ കുനൂരിലെ കാട്ടേരിയിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. ലാന്‍ഡിങ്ങിന് പത്തു കിലോമീറ്റര്‍ മാത്രമകലെയായിരുന്നു അപകടം. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെ കുറിച്ച് സംയുക്തസേന അന്വേഷിക്കുകയാണ്.

Tags:    

Similar News