ഭരണകൂടത്തില്‍നിന്ന് കടുത്ത വിവേചനം: ഗുജറാത്തില്‍ ദയാവധത്തിന് അനുമതി തേടി 600 മുസ്‌ലിംകള്‍ ഹൈക്കോടതിയെ സമീപിച്ചു

ഗുജറാത്തിലെ പോര്‍ബന്തര്‍ ജില്ലയിലെ ഗോസബറില്‍ നിന്നുള്ള മുസ്‌ലിം മീന്‍പിടിത്തക്കാരാണ് ദയാവധത്തിന് അനുമതി തേടി ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. ഹര്‍ജിയില്‍ വരും ദിവസങ്ങളില്‍ വാദം കേള്‍ക്കും.

Update: 2022-05-08 10:42 GMT

അഹമ്മദാബാദ്: അധികൃതരുടെ ഭാഗത്തുനിന്നു വര്‍ഷങ്ങളായി തുടരുന്ന കടുത്ത വിവേചനത്തില്‍ മനംമടുത്ത് ദയാവധത്തിന് അനുമതി തേടി ഗുജറാത്തിലെ 600 മുസ്‌ലിംകള്‍ ഹൈക്കോടതിയെ സമീപിച്ചു. ഗുജറാത്തിലെ പോര്‍ബന്തര്‍ ജില്ലയിലെ ഗോസബറില്‍ നിന്നുള്ള മുസ്‌ലിം മീന്‍പിടിത്തക്കാരാണ് ദയാവധത്തിന് അനുമതി തേടി ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. ഹര്‍ജിയില്‍ വരും ദിവസങ്ങളില്‍ വാദം കേള്‍ക്കും.

രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയധികം പേര്‍ ഒരുമിച്ച് ദയാവധത്തിന് അനുമതി തേടി കോടതിയിലെത്തുന്നത്. കഴിഞ്ഞ ഒരു നൂറ്റാണ്ടായി 100 കുടുംബങ്ങളില്‍നിന്നുള്ള അറുന്നൂറോളം പേര്‍ പരമ്പരാഗതമായി മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടുവരികയാണെന്നും ഇവര്‍ക്ക് ഫിഷറീസ് വകുപ്പ് മത്സ്യബന്ധനത്തിന് ലൈസന്‍സ് നല്‍കിയിട്ടുള്ളതാണെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍, ബന്ധപ്പെട്ട വകുപ്പ് അധികൃതര്‍ അവരുടെ മല്‍സ്യബന്ധന യാനങ്ങള്‍ ഗോസബറിലോ നവി ബന്ദര്‍ തുറമുഖത്തോ നങ്കൂരമിടാന്‍ അനുവദിക്കുന്നില്ലെന്നും 2016 മുതല്‍ തങ്ങളെ ഇത്തരത്തില്‍ വേട്ടയാടുകയാണെന്നും ഇതുമൂലം ജീവനോപാധികള്‍ നഷ്ടപ്പെടുന്ന സ്ഥിതിയാണെന്നും അവര്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനാല്‍ ജീവിതം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഇതിന് അനുമതി നല്‍കണമെന്നുമാണ് ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ ഉന്നത അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടും പരിഹാരമായിട്ടില്ല.

നിയമവിരുദ്ധമായ ഒരു പ്രവര്‍ത്തനത്തിലും തങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും സുരക്ഷാ സേനയ്ക്ക് കാലാകാലങ്ങളില്‍ സുരക്ഷാ വിവരങ്ങല്‍ നല്‍കുന്നുണ്ടെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാര്‍ ഹിന്ദു-മുസ്ലിം മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ വിവേചനം കാണിക്കുന്നുവെന്നും മുസ്‌ലിംകള്‍ക്ക് മതിയായ സൗകര്യങ്ങള്‍ നല്‍കുന്നില്ലെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.

Tags:    

Similar News