കൊവിഡ് മരണനിരക്കില്‍ ഗുജറാത്ത് രണ്ടാമത്
ഗുജറാത്തില്‍ 24 മണിക്കൂറിനിടെ 498 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ സമയപരിധിയില്‍ 30 പേര്‍ക്ക് കൂടി ജീവന്‍ നഷ്ടമായതായും ഗുജറാത്ത് ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.
അഹമ്മദാബാദ്: ഗുജറാത്തില്‍ കൊവിഡ് മരണനിരക്ക് ദേശീയശരാശരിയുടെ ഇരട്ടിയായി വര്‍ധിക്കുന്നു. കഴിഞ്ഞ രണ്ടുമാസത്തിനിടെ ആയിരത്തിലധികം മരണങ്ങളാണ് റിപോര്‍ട്ട് ചെയ്യപെട്ടിട്ടുള്ളത്. നിലവില്‍ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 20,000ലേക്ക് അടുക്കുകയാണ്. 19,617 പേര്‍ക്കാണ് കൊവിഡ് രോഗബാധ കണ്ടെത്തിയത്. ഗുജറാത്തില്‍ 24 മണിക്കൂറിനിടെ 498 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ സമയപരിധിയില്‍ 30 പേര്‍ക്ക് കൂടി ജീവന്‍ നഷ്ടമായതായും ഗുജറാത്ത് ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 21 എണ്ണവും അഹമ്മദാബാദിലാണ്. അഹമ്മദാബാദില്‍ മാത്രം 14,285 രോഗികളാണുളളത്.
അഹമ്മദാബാദില്‍ ഇത് അഞ്ചാംതവണയാണ് 24 മണിക്കൂറില്‍ കൊവിഡ് 300 ല്‍ കൂടുന്നത്. മെയ് 5 ന് 349 കേസുകളും മെയ് 25 ന് 310 കേസുകളും ജൂണ്‍ 1 ന് 314 കേസുകളും ജൂണ്‍ 5 ന് 324 കേസുകളും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് കൊവിഡ് ബാധിതരായവരുടെ എണ്ണത്തില്‍ നാലാമതും മരണനിരക്കില്‍ രണ്ടാമതുമാണ് ഗുജറാത്ത്. ഏറ്റവും കൂടുതല്‍ അഹമ്മദാബാദിലാണ് റിപോര്‍ട്ട് ചെയ്യപെടുന്നത്. 6.8 ശതമാനം. കൊവിഡ് ബാധിതര്‍ക്ക് ചികില്‍സയിലിരിക്കെ രോഗലക്ഷണങ്ങളൊന്നും കാണുന്നില്ലെങ്കില്‍ ഡിസ്ചാര്‍ജ് ചെയ്യാമെന്ന് തീരുമാനിച്ചതോടെയാണ് രോഗം ഭേദമായവരുടെ എണ്ണം ഇവിടെ കൂടിയത്.
പരിശോധന കൂടാതെയാണ് ഇവരെ ഡിസ്ചാര്‍ജ് ചെയ്യുന്നത്. ഇത്തരം മാനദണ്ഡം നിലവില്‍ വന്നതോടെ ആകെ രോഗികളുടെ 54 ശതമാനവും ആശുപത്രി വിട്ടു. പത്തുദിവസമായി ശരാശരി 370 രോഗികളും 24 മരണവും വീതം കൂടുന്നുണ്ടെന്നാണ് റിപോര്‍ട്ട്. രോഗം ബാധിച്ച് മരിച്ചവരുടെ ബന്ധുക്കളെ പോലും പരിശോധിക്കുന്നില്ലെന്ന ആരോപണം ഗുജറാത്തില്‍നിന്നും ഉയരുന്നുണ്ട്. ഗുജറാത്തില്‍ രോഗബാധിതരുടെ എണ്ണവും മരണനിരക്കും വര്‍ധിക്കുന്നത് കേന്ദ്രസര്‍ക്കാരിലും ബിജെപി നേതൃത്വത്തിലും കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്.