ഡല്‍ഹി ഹന്‍സ് രാജ് കോളജില്‍ വനിതാ ഹോസ്റ്റലിനു പകരം ഗോശാല;പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍

ആയിരകണക്കിന് പെണ്‍കുട്ടികള്‍ പഠിക്കുന്ന കോളജില്‍ ഇതുവരെ ഒരു വനിതാ ഹോസ്റ്റലില്ല. ഹോസ്റ്റല്‍ പണിത് നല്‍കാമെന്ന് ഉറപ്പ് നല്‍കിയ സ്ഥലത്താണ് ഇപ്പോള്‍ ഗോശാലയുളളത്

Update: 2022-01-27 03:47 GMT
ഡല്‍ഹി: ഡല്‍ഹി ഹന്‍സ് രാജ് കോളജില്‍ വനിതാ ഹോസ്റ്റലിനു പകരം ഗോശാല നിര്‍മ്മിച്ചതിനെതിരേ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍.കോളജ് അടഞ്ഞു കിടന്ന കൊവിഡ് കാലത്താണ് ഗോശാല നിര്‍മ്മിച്ചത്. ആയിരകണക്കിന് പെണ്‍കുട്ടികള്‍ പഠിക്കുന്ന കോളജില്‍ ഇതുവരെ ഒരു വനിതാ ഹോസ്റ്റലില്ല. ഹോസ്റ്റല്‍ പണിത് നല്‍കാമെന്ന് ഉറപ്പ് നല്‍കിയ സ്ഥലത്താണ് ഇപ്പോള്‍ ഗോശാലയുളളത്.

ഗോശാലക്ക് പുറത്ത് 'കൗ ഷെല്‍ട്ടര്‍ ആന്‍ഡ് റിസേര്‍ച്ച് സെന്റര്‍'എന്ന ബോര്‍ഡുമുണ്ട്. പശുക്കളെ കുറിച്ച് പഠിക്കുന്ന വിഭാഗം കോളജിലില്ലാത്ത സ്ഥിതിക്ക് ഗോശാല എന്തിനാണ് എന്നാണ് വിദ്യാര്‍ഥികളുടെ ചോദ്യം.

കോളജ് പ്രിന്‍സിപ്പല്‍ രാമ ശര്‍മ്മ വിദ്യാര്‍ഥികളുടെ ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്ത് വന്നു.'ഗവേഷണ ആവശ്യങ്ങള്‍ക്കായുള്ള ഒരു പശു മാത്രമേ കോളജില്‍ ഉള്ളൂ.ചാണകം, പശുവിന്‍ പാല്‍ തുടങ്ങിയവ ഗവേഷണത്തിനായി ഈ സ്ഥാപനത്തില്‍ ഉപയോഗിക്കും. ഞങ്ങള്‍ക്ക് ഒരു ഗോശാല സ്ഥാപിക്കണമെങ്കില്‍, സൗകര്യത്തിനായി വലിയ പ്രദേശം ഉപയോഗിക്കുമായിരുന്നുവെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.കൊവിഡ് കാലത്ത് പശു ഉല്‍പന്നങ്ങളുടെ ആവശ്യം വളരെയധികം വര്‍ധിച്ചതായി നാം കണ്ടു. ചാണകപ്പൊടി ഇന്ന് പല വിധത്തിലാണ് ഉപയോഗിക്കുന്നത്. ഞങ്ങളുടെ വിദ്യാര്‍ഥികള്‍ക്ക് പശുവുമായി ബന്ധപ്പെട്ട ഗവേഷണത്തിലും നവീകരണത്തിലും ഏര്‍പ്പെടാന്‍ ഇത് സഹായകമാകുമെന്നും ശര്‍മ്മ പറഞ്ഞു.

ആവശ്യത്തിന് ഫണ്ടില്ലാത്തതിനാലാണ് ഹോസ്റ്റല്‍ നിര്‍മ്മിക്കാത്തതെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.ഹോസ്റ്റലിന് മാറ്റി വച്ച സ്ഥലം ഗോശാലയ്ക്ക് നല്‍കിയത് എന്തിനാണെന്ന ചോദ്യത്തിന് വിശദീകരണമില്ല. സംഭവത്തിനെതിരേ പ്രതിഷേധ പരിപാടികള്‍ നടത്താനാണ് വിദ്യാര്‍ഥികളുടെ തീരുമാനം.ഇതിനായി ഒപ്പു ശേഖരണം തുടങ്ങിയിട്ടുണ്ട്.


Tags:    

Similar News